ഏലൂരില്‍ രോഗങ്ങള്‍ കൂടുന്നു: ഗ്രീന്‍പീസ്
കൊച്ചി: വ്യാവസായിക മലിനീകരണം തടയാത്തത് മൂലം എറണാകുളത്തെ വ്യവസായ മേഖലയായ ഏലൂരില്‍ രോഗങ്ങളും മരണനിരക്കും കൂടിവരുന്നതായി ഗ്രീന്‍പീസും മുംബൈയിലെ ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി സെന്ററിലെ വൈദ്യസംഘവും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു.
ബാംഗ്ലൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെല്‍, നിംഹാന്‍സ്, സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് എന്നിവയുടെ സഹായത്തോടെയാണ് പഠനം നടത്തിയത്.
അര്‍ബുദം, ജനനവൈകല്യങ്ങള്‍, ബ്രോങ്കറ്റിസ്, ആസ്തമ, അലര്‍ജി, അള്‍സര്‍ എന്നീ രോഗങ്ങള്‍ ഏലൂരില്‍ സാധാരണമാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി മനു ഗോപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം ജില്ലയിലെ മലിനീകരണം കുറഞ്ഞ പ്രദേശമായ പിണ്ടിമനയുമായി താരതമ്യം ചെയ്ത് നടത്തിയ പഠനത്തിലെ പ്രാഥമികതല കണ്ടെത്തലുകള്‍ വെളിപ്പെടുത്തുന്നത് ഏലൂര്‍ നിവാസികള്‍ക്ക് അര്‍ബുദം വരാനുള്ള സാധ്യത 2.85 മടങ്ങ് കൂടുതലാണെന്നാണ്.
ജനനവൈകല്യങ്ങള്‍ മൂലം കുഞ്ഞുങ്ങള്‍ മരിക്കുന്നതിനുള്ള സാധ്യത 3.8 മടങ്ങ് കൂടി. ബ്രോങ്കിറ്റിസ് മൂലം മരിക്കുന്നതിനുള്ള സാധ്യത 3.4 മടങ്ങും ആസ്തമ മൂലം മരിക്കുന്നതിനുള്ള സാധ്യത 2.2 മടങ്ങും വര്‍ധിച്ചു.
പഠനത്തിന്റെ വെളിച്ചത്തില്‍ അടിയന്തിര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണം. രോഗബാധിതരായ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വൈദ്യ പുനരധിവാസം നടത്തുകയും വേണമെന്ന് മനു ഗോപാലന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications