ഇന്ത്യയുടെ നിര്‍ദേശം പരിഗണിയ്ക്കും
മെക്സിക്കോ: ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തില്‍ ഇന്ത്യയുടെ നിര്‍ദേശത്തിന് പിന്തുണ. കാര്‍ഷിക മേഖലയിലെ വ്യാപാരം സംബന്ധിച്ച അന്തിമ കരട് റിപ്പോര്‍ട്ട് തയ്യാറാക്കും മുമ്പ് എല്ലാ നിര്‍ദേശങ്ങളും വിശദമായി പരിശോധിയ്ക്കാമെന്ന് ലോകവ്യാപാര സംഘടനയുടെ ചെയര്‍മാനായ മെക്സിക്കന്‍ വിദേശകാര്യമന്ത്രി ലൂയി ഏര്‍ണെസ്റോ ഡെര്‍ബെസ് പറഞ്ഞു.
ഇന്ത്യയുള്‍പ്പെടെയുള്ളരാജ്യങ്ങളിലെ പ്രതിനിധികള്‍ പ്രതിഷേധിച്ചപ്പോഴാണ് നിര്‍ദേശങ്ങള്‍ പരിശോധിയ്ക്കാമെന്ന് ചെയര്‍മാന്‍ സമ്മതിച്ചത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് വിതരണം ചെയ്ത കരട് റിപ്പോര്‍ട്ടില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ജി-21 രാഷ്ട്രങ്ങള്‍ കാര്‍ഷികമേഖലയിലെ വ്യാപാരം സംബന്ധിച്ച് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ജി-21ലെ അംഗരാഷ്ട്രങ്ങളായ ഇന്ത്യയും മറ്റു രാഷ്ട്രങ്ങളും ഇതിനെ എതിര്‍ത്തത്.
സമ്മേളനത്തിന് എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കാര്‍ഷികമേഖലയിലെ വ്യാപാരം സംബന്ധിച്ച് ഒട്ടേറെ നിര്‍ദേശങ്ങള്‍ ജി-21 രാഷ്ട്രങ്ങള്‍ ലോകവ്യാപാരസംഘടനയുടെ ജനറല്‍ കൗണ്‍സിലിന് നല്കിയിരുന്നു. പക്ഷെ ഇതൊന്നും കരട് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ജി-21 രാഷ്ട്രങ്ങളുടെ നിര്‍ദേശങ്ങള്‍ യൂറോപ്യന്‍യൂണിയന്റെയും യുഎസിന്റെയും നിര്‍ദേശങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായവയാണെന്ന് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ലോകവ്യാപാരസംഘടനയുടെ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ ഇപ്പോഴും വികസ്വരരാഷ്ട്രങ്ങള്‍ക്ക് വേണ്ടത്ര പങ്കാളിത്തം നല്കുന്നില്ലെന്ന് രാവിലെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications