ലോകവ്യാപാരസമ്മേളനം തുടങ്ങി
മെക്സിക്കോ: ലോകവ്യാപാര സംഘടനയുടെ അഞ്ചു ദിവസം നീണ്ടുനില്ക്കുന്ന മന്ത്രിതല സമ്മേളനം ആരംഭിച്ചു. ലോക വ്യാപാരസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ സുപാചായ് പാനിച്പക്ഡി സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാപാരമേഖലയില്‍ നിലനില്ക്കുന്ന തടസ്സങ്ങള്‍ നീക്കുക എന്നതാണ് സമ്മേളന ലക്ഷ്യം.
ദുര്‍ബലമായ രാഷ്ട്രങ്ങള്‍ക്ക് സ്വതന്ത്രവ്യാപാരത്തില്‍ ഏര്‍പ്പെടാനുള്ള അവസരം ഉണ്ടാകണമെന്ന് സുപാചായ് പറഞ്ഞു. ഈ സമ്മേളനത്തിലെങ്കിലും സ്വതന്ത്രമായ വ്യാപാരത്തിനുള്ള തടസ്സങ്ങള്‍ നീങ്ങണമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ തന്റെ പ്രസംഗത്തില്‍ സമ്പന്നരാഷ്ട്രങ്ങളെ വിമര്‍ശിച്ചു. അന്യായമായ വ്യാപാരനയങ്ങളിലൂടെ കോടിക്കണക്കിന് ജനങ്ങളെ ദാരിദ്യ്രത്തിലേക്കും ദുരിതങ്ങളിലേക്കും തള്ളിവിടുകയാണ് ചില രാഷ്ട്രങ്ങളെന്ന് കോഫി അന്നാന്‍ പറഞ്ഞു.
വ്യാപാരത്തിലൂടെ ദാരിദ്യ്രത്തിലും നിരാശയിലും കഴിയുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതത്തിലേക്ക് ഉയര്‍ന്നുവരാന്‍ അവസരം നല്കുകയാണ് വേണ്ടത്. അന്താരാഷ്ട്ര വ്യാപാര ശൃംഖല ഉണ്ടായിട്ടുണ്ടെങ്കിലും തുറന്ന വ്യാപാരത്തിന് ഇപ്പോഴും തടസ്സങ്ങള്‍ ഉണ്ട്. - കോഫി അന്നാന്‍ പറഞ്ഞു.
ദോഹയില്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന ലോകവ്യാപാരസംഘടനയുടെ സമ്മേളനത്തിലെ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുകയാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യം. വിവിധ രാഷ്ട്രങ്ങളിലെ ധനകാര്യമന്ത്രിമാര്‍ ഉള്‍പ്പെടെ 4,700 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി വേദിയ്ക്ക് പുറത്ത് കര്‍ഷകരുടെ പ്രതിഷേധസമരം നടന്നു. പൊലീസും പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടി.












Click it and Unblock the Notifications