തിരനോട്ടം അവിസ്മരണീയമായി
തിരുവനന്തപുരം: മലയാളിക്ക് ഏറ്റവും പ്രിയങ്കരനായ നടന് സ്നേഹാദരങ്ങള്‍ ചൊരിഞ്ഞ തിരനോട്ടം മെഗാഷോ പരിപാടിയുടെ സായാഹ്നം അവിസ്മരണീയമായി. പതിനായിരങ്ങളാണ് തങ്ങളുടെ ഹൃദയത്തില്‍ ഇരിപ്പുറപ്പിച്ച മോഹന്‍ലാല്‍ സിനിമാ ജീവിതത്തിലെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷവും ആഹ്ലാദവും പങ്കിടാനെത്തിയത്..
സപ്തംബര്‍ 14 തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് പരിപാടിക്ക് തുടക്കമായത്. പരിപാടി കാണാനെത്തിയ ആയിരങ്ങളുടെ ശ്രവണപുടങ്ങളിലേക്ക് ഞാന്‍ മോഹന്‍ലാല്‍....നിങ്ങള്‍ വളര്‍ത്തി വലുതാക്കിയ മോഹന്‍ലാല്‍.... എന്ന ശബ്ദം അരിച്ചിറങ്ങിയപ്പോള്‍ പടവുകള്‍ കയറി വേദിയിലേക്ക് വരികയായിരുന്നു മോഹന്‍ലാല്‍.
മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ഒ. രാജഗോപാല്‍, മമ്മൂട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. മോഹന്‍ലാലിന്റെ ആദ്യസിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ നിര്‍മാതാവ് നവോദയ അപ്പച്ചന്‍ മോഹന്‍ലാലിനെ കിരീടമണിയിച്ചു.
ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത ഉയരങ്ങളിലേക്കാണ് മോഹന്‍ലാല്‍ ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. ലാലിന്റെ അത്ഭുതകരമായ റെയ്ഞ്ച് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് രവിരശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നും തന്റെ പ്രിയസുഹൃത്തായ ലാലിനോട് തന്റെ ഹൃദയം ചേര്‍ത്തുവയ്ക്കുന്നുവെന്ന് മമ്മൂട്ടി.
തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. ലാലിന്റെ അഭിനയജീവിതത്തിലെ പ്രധാന ചിത്രങ്ങളുടെ ഗാനരംഗങ്ങള്‍ പാടിയും ആടിയും ഗായകരും സിനിമാതാരങ്ങളും വേദിയില്‍ അവതരിപ്പിച്ചു. ലഘുനാടകങ്ങളും അരങ്ങേറി.












Click it and Unblock the Notifications