ഡിവൈഎഫ്ഐ നേതാവിനെ കൊന്നു
തൃപ്പൂണിത്തുറ: ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ ഡി വൈ എഫ് ഐ നേതാവ് എം. ആര്‍. വിദ്യാധരന്റെ (34) മൃതദേഹം കണ്ടെത്തി.
സപ്തംബര്‍ 13 ശനിയാഴ്ച രാവിലെയാണ് വിദ്യാധരനെ ഉദയംപേരൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ പാലക്കുഴി റോഡരികിലുള്ള വിജനമായ സ്ഥലത്ത് വിദ്യാധരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാത്തലന്‍ ജെയ്സണെ പൊലീസ് അന്വേഷിച്ചുവരികയാണ്. ഡി വൈ എഫ് തെക്കന്‍ പറവൂര്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് കൊല്ലപ്പെട്ട വിദ്യാധരന്‍.
ഉദയംപേരൂരില്‍ ഒരു ബോട്ട്ലിംഗ് പ്ലാന്റില്‍ ജോലിക്കാരനായ വിദ്യാധരനെ ശനിയാഴ്ച സൈക്കിളില്‍ ജോലിക്ക് പോവുമ്പോഴാണ് അക്രമിസംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച ശരീരമാസകലം അടിയും ഇടിയുമേറ്റ പാടുകളോടെയാണ് വിദ്യാധരന്റെ മൃതദേഹം കണ്ടെത്തിയത്. തലക്ക് പിന്നിലായി മുറിവുമുണ്ടായിരുന്നു.
ഉദയംപേരൂര്‍ ഭാഗത്ത് നടന്നുവരുന്ന അനധികൃത മദ്യ മയക്കുമരുന്ന് വില്പനയ്ക്കെതിരെ ഡി വൈ എഫ് ഐ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിന് നേതൃത്വം കൊടുത്തത് വിദ്യാധരനാണ്. വിദ്യാധരനെ കൊല്ലുമെന്ന് അറിയിച്ച് സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ അജ്ഞാതകത്ത് ലഭിച്ചിരുന്നു.












Click it and Unblock the Notifications