എറണാകുളത്ത് നായര്‍ വോട്ടുകള്‍ വിഭജിക്കും
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്നതു സംബന്ധിച്ച് എന്‍ എസ് എസില്‍ ആശയക്കുഴപ്പം. ഒരു വിഭാഗം യു ഡി എഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ വിശ്വനാഥ മേനോന് പിന്തുണയുമായി മറ്റൊരു വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു.
യു ഡി എഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്ന തീരുമാനമാണ് തങ്ങള്‍ കൈകൊണ്ടിട്ടുള്ളതെന്ന് താലൂക്ക് യൂണിറ്റ് നേതൃത്വം പറയുമ്പോള്‍ വിശ്വനാഥ മേനോനെ പിന്തുണക്കുന്നതിലാണ് എന്‍ എസ് എസ് എറണാകുളം കരയോഗത്തിന് താത്പര്യം.
സമദൂര സിദ്ധാന്തവുമായി മുന്നോട്ടുപോയിരുന്ന എന്‍ എസ് എസ് നേതൃത്വം യു ഡി എഫുമായി അടുക്കുന്നുവെന്ന സൂചനയാണ് താലൂക്ക് യൂണിറ്റിന്റെ നിലപാട് നല്‍കുന്നത്. എന്നാല്‍ ഈ നയത്തോട് എറണാകുളം കരയോഗത്തിലെ അംഗങ്ങള്‍ക്ക് താത്പര്യമില്ല.
എറണാകുളം കരയോഗത്തില്‍ 3,500 കുടുംബങ്ങളാണുള്ളത്. 13,000 വോട്ടുകളോളം ഈ കുടുംബങ്ങളില്‍ നിന്നായുണ്ട്. സമസ്ത നായര്‍ സമാജത്തിന്റെ പിന്തുണയും വിശ്വനാഥ മേനോനാണെന്ന് അറിയിച്ചിട്ടുണ്ട്. ഇരുമുന്നണികളും നായര്‍ സമുദായത്തെ അവഗണിച്ചുവരുന്ന സാഹചര്യത്തിലാണ് മേനോന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് സമസ്ത നായര്‍ സമാജം വ്യക്തമാക്കി.












Click it and Unblock the Notifications