കേരളത്തിലെ മുന്നണികള്‍ തകരും: തോമസ്
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പോടെ കേരളത്തിലെ മുന്നണി സംവിധാനങ്ങള്‍ തകരുമെന്ന് കേന്ദ്രമന്ത്രിയും ഐഎഫ്ഡിപി നേതാവുമായ പി.സി. തോമസ്. സപ്തംബര്‍ 18 വ്യാഴാഴ്ച കൊച്ചിയില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി. വിശ്വനാഥമേനോന്റെ സ്ഥാനാര്‍ത്ഥിത്വം ഈ മാറ്റങ്ങള്‍ക്ക് തുടക്കമാകും. നേരത്തെ തിരഞ്ഞെടുപ്പെന്നാല്‍ എല്‍ഡിഎഫ്, യുഡിഎഫ് പോരാട്ടമെന്ന പരമ്പരാഗത വിശ്വാസത്തിനാണ് തിരിച്ചടിയേറ്റിരിക്കുകയാണ്. വിശ്വനാഥമേനോന്‍ ജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കൊച്ചിയുടെ വികസനത്തിന് വേണ്ടി ഏറെ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല, എന്‍ഡിഎയുടെ സഹായമുള്ളതിനാല്‍ കൊച്ചിയുടെ വികസനത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും മേനോന് കഴിയും.- പി.സി. തോമസ് പറഞ്ഞു.
2000 കോടിയുടെ വല്ലാര്‍പാടം പദ്ധതി നടപ്പാക്കാനിരിയ്ക്കെ, മേനോന്റെ പാര്‍ലമെന്റിലെ സാന്നിധ്യം ഏറെ ഗുണം ചെയ്യുമെന്നും തോമസ് അഭിപ്രായപ്പെട്ടു. മേനോന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ദേശീയപ്രാധാന്യമുണ്ട്. മേനോന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്‍ഡിഎ കണ്‍വീനറും കേന്ദ്രമന്ത്രിയുമായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് സപ്തംബര്‍ 20ന് ആലുവയില്‍ പ്രസംഗിക്കും. കേന്ദ്ര വ്യോമയാനമന്ത്രി രാജീവ് പ്രതാപ് റൂഡി സപ്തംബര്‍ 19നും ബിജെപി ദേശീയപ്രസിഡന്റ് വെങ്കയ്യ നായിഡു സപ്തംബര്‍ 21നും കൊച്ചിയില്‍ എത്തും. - തോമസ് വിശദീകരിച്ചു.












Click it and Unblock the Notifications