ബെസ്റ് ബേക്കറി: വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍
ദില്ലി: ബെസ്റ് ബേക്കറി കേസില്‍ സാക്ഷികള്‍ കൂറുമാറുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നതായി ഗുജറാത്ത് ഡി ജി പി കെ. ചക്രവര്‍ത്തി സുപ്രിം കോടതിയില്‍ സമ്മതിച്ചു.
കൂറുമാറാന്‍ സാക്ഷികള്‍ നിര്‍ബന്ധിതരാവുമെന്ന് ആശങ്കയുണ്ടെന്ന് ബറോഡ പൊലീസ് കമ്മിഷണര്‍ തന്നോട് പറഞ്ഞിരുന്നതായി ചക്രവര്‍ത്തി സുപ്രിം കോടതിയെ അറിയിച്ചു. സപ്തംബര്‍ 19 വെള്ളിയാഴ്ച ചക്രവര്‍ത്തിയെ സുപ്രിം കോടതി വ്യക്തിപരമായി ചോദ്യം ചെയ്തപ്പോഴാണ് ചക്രവര്‍ത്തി ഇക്കാര്യം സമ്മതിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി പി. കെ. ലാഹിരിയെയും കോടതി വ്യക്തിപരമായി ചോദ്യം ചെയ്തു.
തുടര്‍അന്വേഷണവും പുനര്‍വിചാരണയും നടത്തണമെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണമെന്നും ആവശ്യപ്പെടുന്നതിന് ഹൈക്കോടതിയിലെ ഹര്‍ജിയില്‍ വേണ്ട ഭേദഗതി വരുത്തുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിം കോടതിക്ക് ഉറപ്പ് നല്‍കി.
ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിന് ചീഫ് ജസ്റിസ് ബി. എന്‍. ഖാരെ, ജസ്റിസ് ബ്രിജേഷ്കുമാര്‍, ജസ്റിസ് എസ്. ബി. സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. വിചാരണ കോടതിക്ക് മുമ്പാകെയുണ്ടായ പിഴവുകള്‍ ഹര്‍ജി നല്‍കിയ ഹൈക്കോടതിക്ക് മുമ്പാകെയും ആവര്‍ത്തിക്കരുതെന്ന് ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനെ താക്കീത് ചെയ്തു.
കേസില്‍ 21 പേരെ വെറുതെവിട്ടതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ തുടര്‍വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ ഒമ്പതിലേക്ക് മാറ്റി.












Click it and Unblock the Notifications