മാറാട് കിണറുകള്‍ വൃത്തിയാക്കുന്നത് തടഞ്ഞു
കോഴിക്കോട്: മാറാട് പുനരധിവാസം തുടങ്ങുന്നതിന് മുന്നോടിയായി മാലിന്യം നിറഞ്ഞ കിണറുകള്‍ വൃത്തിയാക്കുന്നത് അരയസമാജം അംഗങ്ങളായ സ്ത്രീകള്‍ തടഞ്ഞു.
സപ്തംബര്‍ 18 വ്യാഴാഴ്ച രാവിലെ 11 മണിയോടെ തുടങ്ങിയ കിണര്‍ ശുചീകരണം സ്ത്രീകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുന്നത് വരെ പുനരധിവാസം അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
മാറാട് വൃത്തിഹീനമാക്കിയ 87 കിണറുകളില്‍ 15 എണ്ണം വൃത്തിയാക്കാനുള്ള പ്രവര്‍ത്തനമാണ് വ്യാഴാഴ്ച തുടങ്ങിയത്. കിണറുകള്‍ വൃത്തിയാക്കുന്ന ജോലിക്കാരെ സ്ത്രീകള്‍ വന്ന് ഭീഷണിപ്പെടുത്തി. തലയില്‍ ബോംബിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് റവന്യു ഉദ്യോഗസ്ഥരും ജോലിക്കാരും പണി നിര്‍ത്തി സ്ഥലം വിട്ടുപോയി.
കേടുപാട് വന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് ജില്ലാ നിര്‍മിതി കേന്ദ്രത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് പണി തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതായി നിര്‍മിതി കേന്ദ്ര അധികൃതര്‍ അറിയിച്ചു.
അതേ സമയം വെള്ളിയാഴ്ച കൂടുതല്‍ പൊലീസുകാരുടെ കാവലില്‍ കൂടുതല്‍ ജോലിക്കാരെ നിയോഗിച്ച് ജോലി പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് പറഞ്ഞു.
അതിനിടെ മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിനെ സമീപിക്കുമെന്ന് അരയ സമാജം പ്രസിഡന്റ് കെ. ദാസന്‍ പറഞ്ഞു.












Click it and Unblock the Notifications