വിവാഹം ചെയ്യില്ലെന്ന് ഷക്കീല
ചെന്നൈ: സിനിമാരംഗത്ത് അവസരങ്ങള്‍ കുറയുകയാണെങ്കിലും അഭിനയം മതിയാക്കി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാന്‍ താന്‍ തയ്യാറല്ലെന്ന് നടി ഷക്കീല.
വിവാഹം ആവശ്യമില്ലാത്ത പൊല്ലാപ്പുകളുണ്ടാക്കുമെന്നുമാണ് തന്റെ അഭിപ്രായമെന്നും അതുകൊണ്ട് അതിന് തയ്യാറല്ലെന്നും ഷക്കീല തമിഴ്മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയില്‍ അവസരം കുറയുന്നതിനാല്‍ വ്യഭിചാരത്തിനിറങ്ങുന്ന നടിമാര്‍ അത്തരം ചെയ്തികള്‍ക്ക് മുതിരരുതെന്നും ഷക്കീല ഉപദേശിച്ചു. ശരീരം വില്‍ക്കുന്നത് വേദനാജനകമാണ്. എത്ര അവസരം കുറഞ്ഞാലും താന്‍ അതിന് തയ്യാറാവില്ല. സിനിമയില്‍ അവസരമില്ലാതാവുമ്പോള്‍ ടി വി രംഗത്ത് പ്രവര്‍ത്തിക്കും. അല്ലെങ്കില്‍ നൃത്തപരിപാടികള്‍ നടത്തി പണമുണ്ടാക്കും.
ചില കിംവദന്തികള്‍ കാരണമാണ് തനിക്കിപ്പോള്‍ അവസരം കുറഞ്ഞത്. താന്‍ അഭിനയിച്ച ഒരു നീലച്ചിത്രം തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടെ ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചുവെന്ന് പലരും പറഞ്ഞുപ്രചരിപ്പിച്ചു. അപവാദം പരന്നതോടെ തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം കുറഞ്ഞു. ഒരു മാസത്തോളമായി സിനിമയ്ക്ക് വേണ്ടി മേക്കപ്പിട്ടിട്ടില്ല. മറ്റൊരു നടി അഭിനയിച്ച രംഗം തിരുകിക്കയറ്റി പ്രദര്‍ശിപ്പിച്ചതാണ് തനിക്ക് വിനയായത്.
താന്‍ ആഭാസകരമായ രീതിയില്‍ അഭിനയിക്കുന്നുവെന്ന് ആരോപണമുണ്ട്. എന്നാല്‍ ശരീരപ്രദര്‍ശനത്തിന് തനിക്ക് ചില പരിമിതികളുണ്ടെന്ന് അത്തരം ആക്ഷേപം ഉന്നയിക്കുന്നവര്‍ മനസിലാക്കുന്നില്ല. ശരീരം ആവശ്യത്തിലേറെ തടിച്ചതിനാല്‍ തനിക്ക് അമിതമായി ശരീരം പ്രദര്‍ശിപ്പിക്കാനാവില്ല.
താനിപ്പോള്‍ കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലാണ്. പലരും പണം തരാതെ തന്നെ പറ്റിച്ചിട്ടുണ്ട്. മലയാള ചിത്രങ്ങളില്‍ അഭിനയിച്ചതിന് എത്രയോ പണം തനിക്ക് കിട്ടാനുണ്ട്. താന്‍ വളരെയേറെ പണമുണ്ടാക്കിയെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ 50000 രൂപയില്‍ കൂടുതല്‍ താന്‍ പ്രതിഫലം വാങ്ങിയിട്ടില്ല. താന്‍ നിത്യവും മദ്യപിക്കാറുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി.












Click it and Unblock the Notifications