ഒസാമ പാകിസ്ഥാനിലുണ്ടാവാം: മുഷാറഫ്
ഇസ്ലാമബാദ്: അല്‍ കെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന് ജീവിച്ചിരിപ്പുണ്ടെന്നും പാകിസ്ഥാനില്‍ അദ്ദേഹം ഒളിവില്‍ കഴിയുന്നുണ്ടാവാമെന്നും പാകിസ്ഥാന് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറഞ്ഞു.
എ ബി സി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് പാക് പ്രസിഡന്റ് ഇങ്ങനെ പറഞ്ഞത്. ഒസാമ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ഒളിച്ചിരിക്കുന്നുണ്ടാാവാം. ഒളിസങ്കേതങ്ങള്‍ ഇടയ്ക്കിടെ മാറിയാണ് ഒസാമ കഴിയുന്നതെന്ന് തീര്‍ച്ചയാണ്. അതുകൊണ്ടു തന്നെ രൂപംകൊണ്ടുവരുന്ന ഒരു തന്ത്രപരമായ വെല്ലുവിളിയെ നേരിടേണ്ടതുണ്ട്.
അല്‍ കെയ്ദയും താലിബാനും ചേര്‍ന്നുള്ള നീക്കത്തെയാണ് രൂപംകൊണ്ടുവരുന്ന വെല്ലുവിളിയെന്ന് താന്‍ വിശേഷിപ്പിച്ചതെന്ന് മുഷാറഫ് വ്യക്തമാക്കി.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് യു എസ്സില്‍ നിന്നും കൂടുതല്‍ സഹായം വേണ്ടതുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യു എസ് പാകിസ്ഥാന് നല്കുന്ന 300 കോടി ഡോളറിന്റെ പകുതിയിലേറെ സാമൂഹിക മേഖലയ്ക്കായി വിനിയോഗിക്കുമെന്ന് മുഷാറഫ് പറഞ്ഞു.