മാറാട് പുനരധിവാസം 27ഓടെ
കോഴിക്കോട്: മാറാട് പുനരധിവാസം സപ്തംബര്‍ 27ഓടെ മാത്രമേ തുടങ്ങുകയുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് പറഞ്ഞു.
രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന്റെ കേരള സന്ദര്‍ശനം കണക്കിലെടുത്താണ് ഇത്. കോഴിക്കോടും കലാം സന്ദര്‍ശനം നടത്തുന്നുണ്ട്.
മാറാട് നിരോധനാജ്ഞ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. മാറാട് പുനരധിവാസത്തിന്റെ മേല്‍നോട്ടത്തിന് സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നമുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയാലും വ്യക്തിപരമായ വിലയിരുത്തലിന് ശേഷമേ നിരോധനാജ്ഞ പ്രഖ്യാപിക്കൂവെന്ന് സൂരജ് വ്യക്തമാക്കി.
അതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതു പോലെ മാറാട് പുനരധിവാസം ഒക്ടോബര്‍ രണ്ടോടെ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പുനരധിവാസം ജനങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മാറാട് പ്രശ്നം സംബന്ധിച്ച് ബി ജെ പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ആവശ്യമെങ്കില്‍ പുനരധിവാസം നടത്തുന്നതിന് ബലം പ്രയോഗിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
ജനനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍, സി പി ഐ നേതാവ് വി. വി. രാഘവന്‍, കോണ്‍ഗ്രസ് (എസ്) പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍, മുസ്ലിം ലീഗ് നേതാക്കളായ ഇ. ടി. മുഹമ്മദ് ബഷീര്‍, പി. കെ. കെ. ബാവ എന്നിവരും പ്രസംഗിച്ചു.












Click it and Unblock the Notifications