കരിഷ്മയുടെ വിവാഹത്തിന് മാധ്യമവിലക്ക്
മുംബൈ: കരിഷ്മ കപൂറിന്റെ വിവാഹച്ചടങ്ങിന് പത്ര-ടിവി മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് കരിഷ്മയുടെ അച്ഛന്‍ രണ്‍ധിര്‍കപൂര്‍ അറിയിച്ചു. ഇതോടെ ബോളിവുഡ് താരത്തിന്റെ വിവാഹച്ചടങ്ങ് തത്സമയസംപ്രേഷണം ചെയ്യാനായി കരിഷ്മയുടെ കുടുംബത്തെ സമീപിച്ച ടി വി ചാനലുകളുടെ ശ്രമങ്ങള്‍ വൃഥാവിലായി.
സപ്തംബര്‍ 29 തിങ്കളാഴ്ച രാവിലെ 11.30നാണ് വിവാഹച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഹിന്ദിയിലെ താരപ്രതിഭാസമായിരുന്ന കരിഷ്മയുടെ മുത്തച്ഛന്‍ രാജ്കപൂറിന്റെ വീട്ടില്‍ വച്ചാണ് വിവാഹം.
പരമ്പരാഗത സിഖ് രീതിയിലുള്ള ചടങ്ങുകളോടെയായിരിക്കും വിവാഹം നടക്കുന്നത്. പരിശുദ്ധ ഗ്രന്ഥസാഹിബിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന വിവാഹച്ചടങ്ങ് ഡോളി ആചാരത്തോടെ സമാപിക്കും. വീട്ടില്‍ വച്ചുതന്നെയാണ് വിരുന്ന് സല്‍ക്കാരം.
മനിഷ് മല്‍ഹോത്രയാണ് കരിഷ്മയുടെ വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. തന്റെ വസ്ത്രങ്ങളെല്ലാം ഇളംനിറങ്ങളിലായിരിക്കണമെന്ന് കരിഷ്മ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടത്രെ.
വരന്‍ സഞ്ജയ് കപൂറിന്റെ വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത് രോഹിത്ബാലാണ്. വിവാഹവേദി കണ്ണാടികളാല്‍ അലങ്കരിച്ചിട്ടുണ്ട്.












Click it and Unblock the Notifications