അമ്മ വിശ്വസ്നേഹത്തിന്റെ മാഹാത്മ്യം: അദ്വാനി
കൊച്ചി: അമ്മ വിശ്വസ്നേഹത്തിന്റെ മാഹാത്മ്യമാണ് ഉദ്ഘോഷിയ്ക്കുന്നതെന്ന് ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി.
മാതാ അമൃതാനന്ദമയിയുടെ 50 ജന്മദിനാഘോഷം കലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്വാനി. അമ്മ ഈ ലോകത്തെ അധ്യാത്മികതയിലേക്ക് നയിക്കുന്നു. അമ്മ ലോകത്തെ അധ്യാത്മികതയിലേക്ക് നയിക്കുന്നുവെന്നതിന് തെളിവാണ് ഈ ജനസമുദ്രം. ഇതുപോലൊരു സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. ഇത് സമാനതകളില്ലാത്ത മഹാസംഗമമാണ്. - അദ്വാനി പറഞ്ഞു.
പുതിയ അറിവുകള്‍ നമ്മുടെ ചിന്തകളേയും കാഴ്ചപ്പാടിനെയും സ്വാധീനിക്കുന്നു. പക്ഷെ ഇവയ്ക്കെല്ലാം മുകളിലാണ് അധ്യാത്മികമായ അറിവെന്ന കാര്യം മറക്കരുത്. മനുഷ്യജീവിതത്തില്‍ കുറഞ്ഞുവരുന്ന ആര്‍ദ്രതയും അനുകമ്പയും നിറയ്ക്കാനാണ് അമൃതാനന്ദമയി ശ്രമിയ്ക്കുന്നത്. - അദ്വാനി ഓര്‍മ്മിപ്പിച്ചു.
സേവനത്തിന്റെ വഴിയില്‍ അമൃതാനന്ദമയീമഠം ചെയ്യുന്ന എല്ലാ പ്രവര്‍ത്തികള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ്ണപിന്തുണയുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ആന്റണി പറഞ്ഞു.
അമൃതാ ടിവി ചാനലിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍വഹിച്ചു. മുന്‍ യുഎസ് സെനറ്റര്‍ ലാറി പ്രസ്ലര്‍, മൗറീഷ്യസ് മന്ത്രി അലന്‍ ഗാനോ, ഫ്രഞ്ച് സംവിധായകന്‍ ജുവാന്‍ കൗനന്‍, സ്വാമി അമൃതസ്വരൂപാനന്ദ, സ്വാമി രാമകൃഷ്ണാനന്ദപുരി എന്നിവര്‍ സംസാരിച്ചു. കേന്ദ്രമന്ത്രി രാജഗോപാല്‍, പി.സി. തോമസ്, ഐ.ഡി. സ്വാമി, വിഎച്ച്പി നേതാവ് മദന്‍ദാസ് ദേവി, കളക്ടര്‍ ഗ്യാനേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications