സ്വാശ്രയമെഡി. കോളെജുകള്‍ ആശങ്കയില്‍
തിരുവനന്തപുരം: പുഷ്പഗിരി മെഡിക്കല്‍ കോളെജിന് മെറിറ്റ് സീറ്റിന് ഒന്നരലക്ഷം രൂപവച്ച് ഈടാക്കിക്കൊള്ളാന്‍ ഹൈക്കോടതി ഫുള്‍ബെഞ്ച് അനുമതി നല്കിയത് മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളെജുകളെ അങ്കലാപ്പിലാക്കി.
കാരണം സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് പുഷ്പഗിരി കോളെജ് ഒഴികെയുള്ള നാല് സ്വാശ്രയകോളെജുകള്‍ അവരുടെ മെറിറ്റ് സീറ്റുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. ഇവര്‍ മെഡിക്കല്‍ സീറ്റില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥിയില്‍ നിന്നും 11,825 രൂപ മാത്രമാണ് വാങ്ങിയത്. ഇതാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍ വാങ്ങുന്ന ഫീസ്.
കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളെജ്, കാരക്കോണം ഡോ.സോമര്‍വെല്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളെജ്, തൃശൂര്‍ അമല മെഡിക്കല്‍ കോളെജ്, തൃശൂരിലെ ജൂബിലി മെമ്മോറിയല്‍ കോളെജ് എന്നിവിടങ്ങളിലെ മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം പൂര്‍ത്തിയായിരിക്കുന്നത്. ഈ കോളെജുകളിലെ 231മെറിറ്റ് സീറ്റുകളില്‍ ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുകയും ചെയ്തു.
പുഷ്പഗിരി മെഡിക്കല്‍ കോളെജില്‍ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം സപ്തംബര്‍ 25, 26 തീയതികളിലാണ് നടക്കുന്നത്. ഇവിടെ ഒരാളില്‍ നിന്ന് ഒന്നര ലക്ഷം രൂപ വീതം പ്രവേശന ഫീസായി വാങ്ങാന്‍ പുഷ്പഗിരി കോളെജിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഫുള്‍ബെഞ്ച് അനുമതി നല്കിയിട്ടുണ്ട്. കോടതി വിധിയനുസരിച്ച് ഒന്നരലക്ഷം രൂപ വീതം വാങ്ങാനാണ് പുഷ്പഗിരി മാനേജ്മെന്റിന്റെ നീക്കം. മറ്റ് കോളെജുകളില്‍ മെറിറ്റ് സീറ്റിന് 11,825 രൂപ മാത്രം വാങ്ങിയപ്പോള്‍ ഇവിടെ ഇത്രയും തുക നല്കി പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ തയ്യാറാവുമോ എന്നതാണ് ഒരു ചോദ്യം.
അതേ സമയം 11,825 രൂപ വീതം ഈടാക്കി പ്രവേശനം നടത്തിയ മറ്റ് സ്വാശ്രയകോളെജുകള്‍ പുതിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എന്ത് നടപടിയെടുക്കുമെന്നറിയാതെ കുഴങ്ങുകയാണ്. പുഷ്പഗിരി കോളെജ് മെറിറ്റ് അടിസ്ഥാനത്തിലുള്ള ഓരോ മെഡിക്കല്‍ സീറ്റിനും ഒന്നര ലക്ഷംരൂപ വാങ്ങുമെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സമീപിക്കുക മാത്രമേ ഇവര്‍ക്ക് പോംവഴിയുള്ളൂ.
അതേ സമയം കേരളത്തിലെ മെഡിക്കല്‍ കോളെജുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കേണ്ട അവസാന തീയതിയായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത് സപ്തംബര്‍ 30 ആണ്. ഹൈക്കോടതിവിധി ഉയര്‍ത്തിയിരിക്കുന്ന പുതിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാകുമോ എന്ന് കണ്ടറിയണം.












Click it and Unblock the Notifications