കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ ഫീസ്: അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മെരിറ്റ് സീറ്റില്‍ സര്‍ക്കാര്‍ നിരക്കിലേ ഫീസ് ഈടാക്കാവൂ എന്ന തീരുമാനം സ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും.

അതേ സമയം മെരിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസ് നല്‍കിയാല്‍ മതിയെന്ന ധാരണയില്‍ പ്രവേശനം നേടിയ 230-ഓളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്. ഇതില്‍ പലരും വ്യാഴാഴ്ച ബി.ഡി.എസ്. പ്രവേശനം നടക്കുന്നയിടത്തെത്തി പൊട്ടിക്കരയുകയായിരുന്നു.

കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടാകുന്നില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ മാനേജ്മെന്റ് നിശ്ചയിക്കുന്ന ഫീസ് കൊടുക്കേണ്ടിവരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസ് പറഞ്ഞു. കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയാലുടന്‍ അപ്പീല്‍ നല്‍കുമെന്നാണ് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറയുന്നത്.

സുപ്രീംകോടതി വിധി മറികടക്കാന്‍ വേണ്ടി നിയമനിര്‍മ്മാണം നടത്തുന്ന കാര്യം ആലോചിച്ച് മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സപ്തംബര്‍ 30-നകം പ്രവേശനം പൂര്‍ത്തിയാക്കേണ്ടതിനാല്‍ അപ്പീല്‍ നടപടിയുടെ ഗുണം ഈ വര്‍ഷം കിട്ടില്ലെന്നാണ് കരുതുന്നത്.

സര്‍ക്കാര്‍ കോളേജിലെ വാര്‍ഷിക ട്യൂഷന്‍ ഫീസായ 9625 രൂപ കൊടുത്താല്‍ മതിയെന്ന ധാരണയില്‍ സ്വാശ്രയ കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളാണ് വെട്ടിലായത്. പ്രവേശനസമയത്തുതന്നെ എല്ലാ മാനേജ്മെന്റുകളും ഇവരോട് പല പേരുകളിലായി ഉയര്‍ന്ന തുക വാങ്ങിയിട്ടുണ്ട്. 38,000 മുതല്‍ 65,000 രൂപ വരെ വാങ്ങിയ മാനേജ്മെന്റുകളുമുണ്ട്.

പരിയാരത്തെ സഹകരണ മെഡിക്കല്‍കോളേജില്‍ പോലും സര്‍ക്കാര്‍ പറഞ്ഞതിലും ഉയര്‍ന്ന തുകയാണ് ഫീസായി വാങ്ങിയത്. ഇടയ്ക്കുവച്ച് പഠനം ഉപേക്ഷിച്ചാല്‍ ബാക്കിവര്‍ഷങ്ങളിലെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ വലിയ തുക നഷ്ടപരിഹാരമായി നല്‍കിക്കൊള്ളാമെന്ന് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും 50 രൂപയുടെ മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുവാങ്ങിയ മാനേജ്മെന്റുകളുമുണ്ട്.

ഈ തുക നല്‍കിയാല്‍ മാത്രമേ കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടൂ. അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന കമ്മീഷന്‍ പ്രഖ്യാപിക്കുന്ന നിരക്കില്‍ ഫീസ് നല്‍കിക്കൊള്ളാമെന്നും സമ്മതപത്രം എഴുതി വാങ്ങിയിട്ടുണ്ട്.

ഇതിനിടയിലാണ് മെരിറ്റ് സീറ്റിലെ കുറഞ്ഞ ഫീസ് സ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഇതോടെ പ്രവേശനം നേടിയ പലരും അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണറെ വ്യാഴാഴ്ച സമീപിച്ചു. പക്ഷേ, അവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു.

ലഭിച്ച അലോട്ട്മെന്റ് ഉപേക്ഷിച്ചാല്‍ ഈ വര്‍ഷം മെഡിക്കല്‍ വിഷയങ്ങളില്‍ നല്‍കിയ എല്ലാ ഓപ്ഷനും റദ്ദാവുമെന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. ബി.ഡി.എസ്. കോഴ്സിലേക്ക് പ്രവേശനം നടന്ന അധ്യാപക ഭവനില്‍ എം.ബി.ബി.എസ്. സീറ്റ് വേണ്ടെന്നുവയ്ക്കണമെന്നാവശ്യപ്പെട്ട് എത്തിയ പല കുട്ടികളും ഇത് സാധ്യമല്ലെന്ന് അറിഞ്ഞപ്പോള്‍ പൊട്ടിക്കരയുന്നത് കാണാമായിരുന്നു.

ആയുര്‍വേദം, ഹോമിയോ തുടങ്ങിയ കോഴ്സുകളിലേക്ക് സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം കിട്ടിയത് വേണ്ടെന്നുവച്ച് സ്വാശ്രയ എം.ബി.ബി.എസിന് ചേര്‍ന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X