മാറാട് ചര്‍ച്ചയില്‍ തീരുമാനമായില്ല
കൊച്ചി: മാറാട് പ്രശ്നം സംബന്ധിച്ച് അരയമസമാജം, ഹിന്ദു ഐക്യവേദി നേതാക്കളുമായി മുഖ്യമന്ത്രി എ. കെ. ആന്റണി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.
സപ്തംബര്‍ 27 വെള്ളിയാഴ്ച രാത്രി എറണാകുളം ഗസ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ തീരുമാനമൊന്നുമായില്ലെന്ന് മുഖ്യമന്ത്രിയും സംഘടനാ നേതാക്കളും പറഞ്ഞു. ചര്‍ച്ച ഇനിയും തുടരുമെന്നും ഇരുകൂട്ടരും അറിയിച്ചു. എന്നാല്‍ അടുത്ത ചര്‍ച്ച എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.
മാറാട് കൂട്ടക്കൊല സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യത്തിന്‍മേല്‍ അരയസമാജവും ഹിന്ദു ഐക്യവേദിയും ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് ചര്‍ച്ചയില്‍ തീരുമാനമൊന്നുമുണ്ടാവാതെ പോയത്. സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചതായും ഇടതു, ഐക്യമുന്നണികളുടെ യോഗങ്ങള്‍ അഭിപ്രായപ്പെട്ടതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
തങ്ങള്‍ക്ക് പറയേണ്ട കാര്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായെന്നും ആദ്യമായാണ് മുഖ്യമന്ത്രി അതിന് തയ്യാറാവുന്നതെന്നും ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചയില്‍ പൊതുവെ അതൃപ്തിയാണുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
ചര്‍ച്ചില്‍ കുമ്മനത്തെ കൂടാതെ മാറാട് അരയസമാജം പ്രസിഡന്റ് കെ. ദാസന്‍, സെക്രട്ടറി ടി. സുരേഷ്, ഭാരവാഹികളായ സി. ശ്രീനിവാസന്‍, എം. സോമന്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications