ആരോഗ്യരംഗത്തെ വികസനത്തിന് ദൗത്യസംഘം
തിരുവനന്തപുരം: രാജ്യത്തെ ആരോഗ്യമേഖലയില്‍ മുന്നോട്ടുകൊണ്ടു പോവുന്നതിനുള്ള ശ്രമത്തില്‍ കേരളം ഈ മേഖലയിലുണ്ടാക്കിയ നേട്ടങ്ങള്‍ കണക്കിലെടുക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
ആരോഗ്യരംഗത്തെ വികസനത്തിനായി ഒരു വീക്ഷണ രേഖ തയ്യാറാക്കുന്നതിന് കേന്ദ്രം ഒരു ദൗത്യസംഘം രൂപീകരിക്കും. ആരോഗ്യമേഖലയില്‍ കേരളം ഉണ്ടാക്കിയ നേട്ടങ്ങളെ കുറിച്ച് പഠിക്കുന്നതിന് ദൗത്യസംഘം കേരളം സന്ദര്‍ശിക്കും. സപ്തംബര്‍ 27 ശനിയാഴ്ച ബി ജെ പി സംസ്ഥാന ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ.
ആയുര്‍വേദത്തെ അടിസ്ഥാനമാക്കി ആരോഗ്യ വിനോദസഞ്ചാരമേഖലയില്‍ വികസനം കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിന്റെ സ്വീകാര്യത വര്‍ധിക്കുകയും ചെയ്തു.
സംയുക്ത പാര്‍ലമെന്ററി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമേ ശീതളപാനീയങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് നിയമനിര്‍മാണം നടത്തുന്നതിനെ കുറിച്ച് കേന്ദ്രത്തിന് പരിഗണിക്കാനാവൂവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി സുഷമ പറഞ്ഞു.
പകര്‍ച്ചവ്യാധികളുണ്ടാവുന്ന സംസ്ഥാനങ്ങള്‍ക്ക് ബജറ്റ് വിഹിതം അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയം ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജുകള്‍ ആധുനികവത്കരിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി നിര്‍ദേശം കേന്ദ്രം പരിശോധിച്ചുവരികയാണ്- സുഷമ പറഞ്ഞു.












Click it and Unblock the Notifications