ജനാധിപത്യമുണ്ടായാല്‍ മാത്രം രാജി: മുഷറഫ്
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ സ്ഥിരതയുള്ള ജനാധിപത്യ ഘടന നിലവില്‍വന്നാല്‍ മാത്രമേ താന്‍ രാജിവയ്ക്കുകയുള്ളൂവെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷാറഫ്.
ഇത് ജനാധിപത്യമല്ലെന്ന് തനിക്കറിയാം. ഇക്കാര്യം പാകിസ്ഥാനിലും താന്‍ വളരെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. പക്ഷേ പാകിസ്ഥാന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ സ്ഥിരതയും നേതൃഐക്യവും ആവശ്യമാണ്. അതാണ് താന്‍ നല്‍കുന്നത്- ഒട്ടാവയില്‍ കാനഡ പാര്‍ലമെന്റിന്റെ വിദേശകാര്യ സമിതിയുമായുള്ള കൂടിക്കാഴ്ചയില്‍ ജനറല്‍ മുഷാറഫ് പറഞ്ഞു.
പാകിസ്ഥാനില്‍ സ്ഥിരതയുള്ള ജനാധിപത്യം ഉണ്ടാവുന്നതോടെ താന്‍ യൂണിഫോം അഴിച്ചുവയ്ക്കുമെന്നും പാകിസ്ഥാനിലെ പല നേതാക്കളും താന്‍ സൈനിക തലവനായി തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഷാറഫ് പറഞ്ഞു. ജമ്മു കശ്മീര്‍ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തുടര്‍ച്ചയായ ചര്‍ച്ചയിലൂടെ പരിഹരിക്കാനാവും.
അതിനിടെ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമിടയില്‍ ഒസാമ ബിന്‍ ലാദന്‍ സ്വതന്തമായി സഞ്ചരിക്കുന്നത് തുടരുന്നതിന് തന്നെയും ഐ എസ് ഐയെയും മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഒരു കാനഡ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഷാറഫ് പറഞ്ഞു.
ഇക്കാര്യത്തില്‍ തന്നെ കുറ്റപ്പെടുത്താമെങ്കില്‍ യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷിനെയും അതുപോലെ കുറ്റപ്പെടുത്തേണ്ടതുണ്ട്, ഐ എസ്. ഐയെ കുറ്റപ്പെടുത്താമെങ്കില്‍ സി ഐ എയെയും കുറ്റപ്പെടുത്തേണ്ടതുണ്ട്.
ഇറാക്ക് യുദ്ധത്തിന് ശേഷമുണ്ടായ അമേരിക്കാവിരുദ്ധ വികാരം മുതലെടുക്കുന്ന ഒസാമ ബിന്‍ ലാദനെ അറസ്റ് ചെയ്യാന്‍ ചിലപ്പോള്‍ വര്‍ഷങ്ങളെടുത്തേക്കും. ലാദന് ഡയാലിസിസ് ആവശ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ശരിയാണെന്ന് മുഷാറഫ് പറഞ്ഞു.












Click it and Unblock the Notifications