എയ്ഡ്സ് ബാധിച്ച കുട്ടികള്‍ക്ക് സൗജന്യചികിത്സ
തിരുവനന്തപുരം: എയ്ഡ്സ് ബാധിതരായ കൊല്ലം കൈതക്കുഴിയിലെ ബെന്‍സി (എട്ട്), ബെന്‍സന്‍ (ആറ്) എന്നീ കുട്ടികള്‍ക്ക് അഞ്ച് വര്‍ഷത്തെ സൗജന്യ ചികിത്സ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് കുട്ടികളുടെ ചികിത്സാചെലവ് പൂര്‍ണമായും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് വഹിക്കുമെന്ന് സുഷമ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബില്‍ കുട്ടികളെ കണ്ടതിന് ശേഷമാണ് ഇക്കാര്യം സുഷമ അറിയിച്ചത്.
രണ്ട് കുട്ടികളുടെയും പഠനകാര്യം നിരീക്ഷിക്കാന്‍ സംസ്ഥാന ആരോഗ്യ, വിദ്യാഭ്യാസ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ രണ്ടാം ഘട്ടത്തില്‍ ഈ കുട്ടികള്‍ക്ക് ആന്റി-വൈറല്‍ മരുന്നുകള്‍ നല്‍കും.
ഈ കുട്ടികള്‍ ഒറ്റപ്പെട്ടവരല്ല. ഇവരെ പോലെ വേറെയും കുട്ടികള്‍ രാജ്യത്തിന്റെ പല ഭാഗത്തുമുണ്ട്. ബെന്‍സിയെയും ബെന്‍സനെയും പോലെ എയ്ഡ്സ് ബാധിതരായ കുട്ടികളെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ ഒരു സര്‍വെ നടത്തും.
കുട്ടികളോടൊപ്പം അല്പസമയം ചെലവഴിച്ച സുഷമ അവരോടൊന്നിച്ച് ഫോട്ടോകളെടുത്തു. ഇവരോടൊന്നിച്ചുള്ള ഫോട്ടോകള്‍ എയ്ഡ്സ് സ്പര്‍ശനത്തിലൂടെയോ ഇടപഴകുന്നതിലൂടെയോ പകരുന്നതല്ലെന്ന അവബോധം ജനങ്ങളിലുണ്ടാക്കാനുള്ള പ്രചാരണത്തിന് ഉപയോഗിക്കാവുന്നതാണെന്ന് സുഷമ പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ നിര്‍ദേശ പ്രകാരം മുത്തഛന്‍ ജി. ജോണിയാണ് കുട്ടികളെ തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് കൊണ്ടുവന്നത്.
ബെന്‍സിയുടെയും ബന്‍സന്റെയും അഛനമ്മമാര്‍ എയ്ഡ്സ് ബാധിച്ചാണ് മരിച്ചത്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് വീട്ടില്‍ അധ്യാപകര്‍ ക്ലാസ് നടത്തുകയാണ്.












Click it and Unblock the Notifications