മാറാട് പുനരധിവാസം ചൊവാഴ്ച തുടങ്ങും?
കോഴിക്കോട്: മാറാട് നിന്ന് മാറിപ്പോയ മുസ്ലിംങ്ങളുടെ പുനരധിവാസം സെപ്തംബര്‍ 30 ചൊവാഴ്ച ഏത് നേരവും തുടങ്ങിയേയ്ക്കുമെന്ന് കരുതുന്നു. ഇതിനുള്ള പ്രാരംഭ തയ്യാറെടുപ്പുകള്‍ ജില്ലയില്‍ നടക്കുകയാണ്.
പ്രദേശത്ത് നിരോധനാജ്ഞ നടപ്പാക്കി വന്‍ തോതില്‍ പൊലീസിനെ വിന്യസിച്ച് പുനരധിവാസം നടത്തുകയാണ് സര്‍ക്കാര്‍ പരിപാടി.
ഒക്ടോബര്‍ രണ്ടാംതീയതിയോടെ പുനരധിവാസം പൂര്‍ത്തിയാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
വന്‍ തോതില്‍ പൊലീസിനെ നിയോഗിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കി പുനരധിവാസം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. എന്നാല്‍ എറണാകുളം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്താണ് അവസാന തീരുമാനമെന്ന് വ്യക്തമായിട്ടില്ല.
മാറാട്ടും പരിസര പ്രദേശത്തും നിരോധനാജ്ഞ നടപ്പാക്കിയായിരിയ്ക്കും പദ്ധതി നടപ്പാക്കുക. പുനരധിവാസം നടത്തുമ്പോള്‍ 7000 പോലീസുകാരെ മാറാട്ടും മറ്റ് സമീപ പ്രദേശങ്ങളിലുമായി വിന്യസിയ്ക്കാനും സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെങ്ങും കനത്ത പൊലീസ് കാവല്‍ ചൊവാഴ്ച വൈകീട്ട് തന്നെ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമായിട്ടുണ്ട്. ജില്ലാ ഭരണകൂടമാണ് ഇത് നടപ്പാക്കുന്നത്.
മാറാട് സംഭവത്തെക്കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെടാനും സംസ്ഥാന മന്ത്രിസഭയുടെ ഉപസമിതി തീരുമാനിച്ചേയ്ക്കും. ഈ തീരുമാനം ഒക്ടോബര്‍ ഒന്നാം തീയതി ഉണ്ടാകുമെന്നാണ് കരുതുന്നത്.
അഡിഷണല്‍ സെക്രട്ടറി കെ. കെ. വിജയകുമാര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിയ്ക്കാനായി കോഴിക്കോട്ട് തങ്ങുന്നുണ്ട്.
നേരത്തെ പല തവണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും മാറാട്ടുള്ള അരയ സ്ത്രീകളുടെ പ്രതിഷേധം കാരണം അത് നടത്താനാവാതെ പോയി. മാറാട്ട് ഒമ്പത് പേരെ കൊന്നതിനെക്കുറിച്ച് സി. ബി. ഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടാല്‍ മാത്രമേ പുനരധിവാസം അനുവദിയ്ക്കൂ എന്നതാണ് അരയ സമുദായത്തിന്റെ ആവശ്യം. കഴിഞ്ഞ അഞ്ച് മാസമായി ഇവിടെ നിന്ന് ഓടിപ്പോയ മുസ്ലിംങ്ങള്‍ ക്യാമ്പുകളില്‍ താമസിയ്ക്കുകയാണ്.












Click it and Unblock the Notifications