സിപിഎം കരുതലോടെ
ദില്ലി: കോണ്‍ഗ്രസിലെ ആശയക്കുഴപ്പം വര്‍ധിപ്പിയ്ക്കുന്നതോടൊപ്പം കരുണാകരന്റെ നിലപാട് അറിഞ്ഞശേഷം അടുത്ത നീക്കം എന്ന നിലപാടാണ് സിപിഎം മുന്നോട്ട്വയ്ക്കുന്നത്. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പുറത്ത് വന്നാല്‍ പിന്തുണ നല്കാനാണ് സിപിഎം നീക്കം.
ഇപ്പോഴത്തെ നിലയില്‍ ആന്റണി നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന നിലപാട് കരുണാകരന്‍ ആവര്‍ത്തിയ്ക്കുമെന്ന് സിപിഎം കരുതുന്നു. എന്നാല്‍ ആന്റണിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റേണ്ട കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്റ് പ്രതിനിധി അഹമ്മദ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഇങ്ങിനെ ഒരു സാഹചര്യമുണ്ടായാല്‍ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പുറത്ത് വരുമെന്നാണ് സിപിഎം കണക്ക്കൂട്ടുന്നത്.
അങ്ങിനെ പുറത്തുവന്നാല്‍ കരുണാകരനെ ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ സിപിഎം സഹായിക്കും. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ അംഗമാകാതെ പുറത്ത് നിന്ന് പിന്തുണനല്കാനാണ് സിപിഎം തീരുമാനം.
എന്തായാലും കരുണാകരനുമായി ബന്ധപ്പെട്ട ശേഷം അടുത്ത ദിവസങ്ങളില്‍ നടക്കുന്ന സിപിഎം സംസ്ഥാനസമിതിയോഗം ഉചിതമായ തീരുമാനമെടുക്കും. നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന തന്ത്രങ്ങള്‍ സിപിഎം ആവിഷ്കരിയ്ക്കും. ഇതിന് കരുണാകരനുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുകയും ചെയ്യും.












Click it and Unblock the Notifications