ഹൈക്കമാന്റ് ധര്‍മ്മസങ്കടത്തില്‍
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പ്രതിസന്ധികള്‍ക്ക് കര്‍ക്കശമായി പരിഹാരങ്ങള്‍ നിര്‍ദേശിച്ചിരുന്ന കോണ്‍ഗ്രസ് ഹൈക്കമാന്റ് ധര്‍മ്മസങ്കടത്തില്‍. എറണാകുളം ഉപതിരഞ്ഞെടുപ്പിലെ പരാജയം എഐസിസി നേതൃത്വത്തിന്റെ മുന്നില്‍ കീറാമുട്ടിയായിരിക്കുന്നു.
പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ കെ. കരുണാകനും കൂട്ടര്‍ക്കുമെതിരെ എന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന ഹൈക്കമാന്റിന്റെ വല്യേട്ടന്‍ മുഖം നഷ്ടപ്പെടും. എന്തെങ്കിലും നടപടിയെടുത്താല്‍ അത് കോണ്‍ഗ്രസിലെ പിളര്‍പ്പിലും വൈകാതെ ആന്റണി സര്‍ക്കാരിന്റെ പതനത്തിലും കലാശിച്ചേയ്ക്കുമെന്നും ഹൈക്കമാന്റ് ഭയപ്പെടുന്നു.
കരുണാകരനെയും മുരളിയെയും ഒഴിവാക്കിയാലും ഐ ഗ്രൂപ്പിലെ മറ്റ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ എറണാകുളം ആവര്‍ത്തിയ്ക്കുമെന്ന് എ ഗ്രൂപ്പും മൂന്നും നാലും ഗ്രൂപ്പുകളും ഹൈക്കമാന്റിന് താക്കീത് നല്കിയിട്ടുണ്ട്. പക്ഷെ ഐ ഗ്രൂപ്പിലെ ആര്‍ക്കെങ്കിലും എതിരെ ഹൈക്കമാന്റ് നടപടിയെടുത്താല്‍ അത് അംഗീകരിയ്ക്കില്ലെന്ന നിലപാടാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം കൈക്കൊണ്ടത്.
എറണാകുളം ഉപതിരഞ്ഞെടുപ്പോടെ രൂപം കൊണ്ടിരിയ്ക്കുന്ന കരുണാകരന്‍-സിപിഎം അച്ചുതണ്ടും ഹൈക്കമാന്റിനെ ഭയപ്പെടുത്തുന്നുണ്ട്. വരാനിരിയ്ക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ അധികാരം പിടിയ്ക്കുക എന്ന സോണിയാഗാന്ധിയുടെ വലിയ ലക്ഷ്യത്തിന് കേരളത്തിലെ പ്രശ്നം വിലങ്ങുതടിയാകാന്‍ ഹൈക്കമാന്റ് അനുവദിയ്ക്കില്ല. പക്ഷെ എന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കമാന്റിനെ കേരളത്തിലെ കോണ്‍ഗ്രസ്കാര്‍ക്ക് പേടിയില്ലാതാവുകയും ചെയ്യും.
സോണിയാഗാന്ധി നിയോഗിച്ച സാഹിയുടെ നേതൃത്വത്തിലുള്ള മൂന്നംഗഅച്ചടക്കസമിതി കേരളത്തിലെ പ്രശ്നങ്ങള്‍ പഠിയ്ക്കാന്‍ മൂന്നാഴ്ചത്തെ സമയം ചോദിച്ചിരിയ്ക്കുകയാണ്. എന്തായാലും തിരക്കിട്ട് ഒരു തീരുമാനത്തിന് ഹൈക്കമാന്റ് മുതിരില്ലെന്നാണ് കരുതുന്നത്.












Click it and Unblock the Notifications