മാറാട്: തീരുമാനം നാളെ
കോഴിക്കോട്: മാറാട് പ്രശ്നം തീര്‍ക്കാന്‍ ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച ചേര്‍ന്ന ഹിന്ദു-മുസ്ലിം നേതാക്കന്മാരുടെ ചര്‍ച്ച പൂര്‍ത്തിയായില്ല. ഒക്ടോബര്‍ നാല് ശനിയാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേരുന്ന ചര്‍ച്ചയില്‍ അന്തിമതീരുമാനമുണ്ടാകുമെന്ന് കരുതുന്നു.
ഭാഗികമായ സിബിഐ അന്വേഷണം ആകാമെന്ന് ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഏതാണ്ട് തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലെ സാങ്കേതികപ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പുകിട്ടിയാല്‍ മാറാട് പുനരധിവാസം നടത്താന്‍ അനുവദിയ്ക്കാം എന്ന നിലപാടാണ് ഹിന്ദു സംഘടനകളുടേത്. ഇക്കാര്യം ശനിയാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനിയ്ക്കും.
ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായതിനാല്‍ ഇനി സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു മുസ്ലിം സംഘടനകള്‍ക്ക്. എന്നാല്‍ മാറാട് പ്രശ്നത്തിലെ ഗൂഢാലോചന, തീവ്രവാദിബന്ധം എന്നീ കാര്യങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിയ്ക്കുന്നതില്‍ തെറ്റില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഗൂഢാലോചനയും തീവ്രവാദിബന്ധവും സിബിഐയെക്കൊണ്ട് അന്വേഷിപ്പിയ്ക്കുമ്പോള്‍, നിലവിലുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കേസ് വിചാരണ തുടരണമെന്ന് ഹിന്ദുസംഘടനകള്‍ വാദിച്ചു.
ഇപ്പോള്‍ പിടിയിലായ കുറ്റവാളികള്‍ ജാമ്യമെടുത്ത് ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ഹിന്ദുസംഘടനകള്‍ ഇങ്ങിനെയൊരു തീരുമാനം മുന്നോട്ട്വച്ചത്.
ഭാഗികസിബിഐ അന്വേഷണത്തിന് ധാരണയായതിനാല്‍ ഇനി പുനരധിവാസം നടത്തിക്കൂടേ എന്ന് മുസ്ലിം സംഘടനാനേതാക്കള്‍ ചോദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പുകിട്ടിയശേഷമേ പുനരധിവാസം അനുവദിയ്ക്കൂ എന്ന് ഹിന്ദുസംഘടനാനേതാക്കള്‍ വ്യക്തമാക്കി. ഭാഗികമായ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി സമ്മതിച്ചാല്‍ പുനരധിവാസം നടത്താമെന്നും ഹിന്ദുനേതാക്കള്‍ പറഞ്ഞു.
ഇതിനിടെ രണ്ട് തവണ മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. രമ്യമായാണ് ചര്‍ച്ച നടന്നതെന്നും പ്രശ്നം പരിഹരിയ്ക്കാന്‍ ഇരുവിഭാഗം നേതാക്കളും ആത്മാര്‍ത്ഥമായി ശ്രമിച്ചുവെന്നും പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ പറഞ്ഞു.
യോഗത്തില്‍ ഗാന്ധിസ്മാരകനിധി ചെയര്‍മാന്‍ ഗോപിനാഥന്‍നായര്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications