ഹരിശ്രീ ഗണപതായേ നമ:
തിരുവനന്തപുരം: കേരളത്തിന്റെ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് കുട്ടികളെ വിജയദശമി ദിവസമായ ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച എഴുത്തിനിരുത്തി.
കുരുന്നു കൈകള്‍ കൊണ്ട് ഹരിശ്രീ എഴുതാന്‍ വിവിധ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളുടേയും അവരോടൊപ്പം വന്ന മാതാപിതാക്കളുടേയും തിരക്കായിരുന്നു. ദേവീ ക്ഷേത്രങ്ങളിലും നാട്ടിന്‍ പുറത്തെ വായന ശാലകളിലും പത്രം ഓഫീസുകളിലും ഒക്കെ എഴുത്തിനിരുത്ത് ചടങ്ങ് നടന്നു.
ദുര്‍ഗ്ഗാഷ്ടമി ദിവസത്തിലും മഹാനവമി ദിവസത്തിലും പൂജയ്ക്ക് വച്ച പുസ്തകങ്ങളും ആയുധങ്ങളും ഞായറാഴ്ച രാവിലെ പുജയ്ക്ക് ശേഷം മാറ്റി. തുടര്‍ന്നാണ് എഴുത്തിനിരുത്ത് ചടങ്ങ് നടന്നത്.
വീടുകളിലും പൂജയക്ക് വച്ചപുസ്തകങ്ങളും മറ്റും മാറ്റി കുട്ടികളും മുതിര്‍ന്നവരും ഹരിശ്രീ ഗണപതായേ നമ: അവിഘ്ന മസ്തു. എന്ന് എഴുതി.
തിരൂരിലെ തുഞ്ചന്‍ പറമ്പ്, തിരുവനന്തപുരം ഐരാണിമുട്ടത്തെ തുഞ്ചന്‍ കേന്ദ്രം, തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, തൃശൂരിലെ തിരുവുള്ളക്കാവ് ക്ഷേത്രം, ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം, ആലപ്പുഴ പനച്ചിക്കാട് ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടെയും തിരക്കായിരുന്നു .
കുട്ടികളുടെ കൈപിടിച്ച് ആദ്യാക്ഷരം കുറിക്കാന്‍ സാഹിത്യകാരന്മാരുടെ ഒരു നീണ്ട നിരതന്നെയുണ്ടായിരുന്നു. സാംസ്കാരികരംഗത്തെ പ്രമുഖര്‍ തിരൂര്‍ തുഞ്ചന്‍ പറമ്പിലെ എഴുത്തിനിരുത്തല്‍ ചടങ്ങിന് നേതൃത്വം നല്കി . ഗുരുവായൂരിലെ സപ്താഹ ഹാളില്‍ നടന്ന വിദ്യാരംഭചടങ്ങില്‍ 13 ഇല്ലങ്ങളിലെ കീഴ്ശാന്തിക്കാര്‍ കുട്ടികളുടെ നാവില്‍ ഹരിശ്രീ കുറിച്ചു.
കൊല്ലൂര്‍ മൂകാബികാ ക്ഷേത്രത്തില്‍ ഈ ദിവസം എഴുത്തിനിരുത്ത് വളരെ പ്രധാനമാണ്. പതിനായിരങ്ങളാണ് അവിടെ എഴുത്തിനിരുത്തിനായി എത്തിയിട്ടുള്ളത്.












Click it and Unblock the Notifications