എസ്എന്‍ഡിപിയില്‍ ഭിന്നത
കൊല്ലം: എറണാകുളം ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എസ്എന്‍ഡിപി നേതൃത്വത്തിലെ അഭിപ്രായഭിന്നത രൂക്ഷമായി. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗറും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തിരഞ്ഞെടുപ്പിന്റെ പേരില്‍ രണ്ടു ചേരിയില്‍ നില്ക്കുകയാണ്.
പ്രസിഡന്റ് അഡ്വ. വിദ്യാസാഗറിന്റെ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആന്റണിപക്ഷത്തോടുള്ള ചായ്വും ആണ് സംഘടനയ്ക്കുള്ളില്‍ അഭിപ്രായഭിന്നത ഉണ്ടാക്കിയിരിക്കുന്നത്.
എറണാകുളം ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടു ചെയ്യുക എന്നതായിരുന്നു എസ്എന്‍ഡിപിയുടെ രഹസ്യധാരണ. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്യുമെന്ന പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗറിന്റെ പ്രസ്താവന സംഘടനയ്ക്കുള്ളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതായി പറയുന്നു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം വിദ്യാസാഗര്‍ കരുണാകരന് അനുകൂലമായി പ്രസ്താവനയിറക്കിയതും സംഘടനയ്ക്കുള്ളില്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ചു. അതുകൊണ്ടാണ് വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആന്റണിയ്ക്ക് അനുകൂലമായ പ്രസ്താവനയിറക്കിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോണിന് അനുകൂലമായി കാര്യമായ എസ്എന്‍ഡിപി വോട്ടുകള്‍ ലഭിച്ചില്ലെന്നതാണ് സംഘടനയെ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഒക്ടോബര്‍ 16ന് എറണാകുളത്ത് എസ്എന്‍ഡിപി കൗണ്‍സില്‍ യോഗം ചേരും. ഈ യോഗത്തില്‍ അഭിപ്രായഭിന്നത മറനീക്കി പുറത്തുവരുമെന്ന് കരുതുന്നു.
കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ കൗണ്‍സിലര്‍മാരെ തങ്ങളോടൊപ്പം നിര്‍ത്താന്‍ വെള്ളാപ്പള്ളിയും അഡ്വ. സി.കെ. വിദ്യാസാഗറും ചരടുവലികള്‍ തുടങ്ങിയതായും അറിയുന്നു.


Click it and Unblock the Notifications