ലീഗ് ഐക്യമുന്നണി ഘടക കക്ഷികളുമായി ചര്‍ച്ച നടത്തും
കോഴിക്കോട്: മുസ്ലിം ലീഗ് ഐക്യജനാധിപത്യ മുന്നണിയിലെ മറ്റ് ഘടക കക്ഷികളുമായി കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് രഹസ്യമായി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് ഭരണം വഷളാവുകയും ഒപ്പം കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷമാവുകയും ചെയ്ത സ്ഥിതിയ്ക്ക് ഇത്തരം ഒരു നീക്കം നടത്തണമെന്ന് ലീഗിന്റെ സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
ഇതനുസരിച്ചാണ് ഈ നീക്കം നടത്തുന്നത്. കോണ്‍ഗ്രസിലെ കാര്യങ്ങള്‍ ഇനിയും വഷളായാല്‍ പ്രശ്നങ്ങള്‍ കോണ്‍ഗ്രസ് ഹൈകമാണ്ടുമായി ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചും ലീഗ് ആലോചിയ്ക്കുന്നുണ്ട്. മുന്നണിയിലെ പ്രധാന ഘടക കക്ഷിയില്‍ രൂക്ഷമായ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ കൈയ്യും കെട്ടി നോക്കി ഇരിയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഭൂരിപക്ഷം ലീഗ് നേതാക്കളുടേയും അഭിപ്രായം. ഹൈകമാണ്ടുമായുള്ള ചര്‍ച്ചകള്‍ക്ക് ഇ അഹമ്മദ് എം പി യെയാണ് ലീഗ് നേതൃത്ത്വം ചുമതലപ്പെടുത്തിയിരിയ്ക്കുന്നത്.
എറണാകുളം ഉപ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോറ്റതിന് കാരണം മുസ്ലിംലീഗാണെന്ന് എ വിഭാഗം പറയുന്നുണ്ട്. അടുത്ത പൊതു തിരഞ്ഞെടുപ്പിലും ഈ പല്ലവി എ വിഭാഗം ആവര്‍ത്തിയ്ക്കാതിരിയ്ക്കാനായി വേണ്ടത് ചെയ്യണമെന്നാണ് ലീഗ് കരുതുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ മുറിവ് മാറ്റിയില്ലെങ്കില്‍ ഇനിയും പരാജയം ഉണാടാവുമെന്നാണ് ലീഗ് പറയുന്നത്.
കുഞ്ഞാലിക്കുട്ടിയ്ക്കും മുനീറിനും ആന്റണിയുടെ നേതൃത്ത്വം മാറുന്നതിനോട് യോജിപ്പില്ല. എന്നാല്‍ ഇ. ടി. മുഹമ്മദ് ബഷീറിന് അതിനോട് യോജിപ്പാണ്. പുറത്ത് പറഞ്ഞത് എന്തായാലും ലീഗ് സെക്രട്ടേറിയറ്റിലെ തീരുമാനം കരുണാകരന് ഒട്ടൊക്കെ അനുകൂലമാണെന്നാണ് കരുതുന്നത്.












Click it and Unblock the Notifications