എസ്കോട്ടെല്‍ മൊബൈല്‍ വില്പനയ്ക്ക്
മുംബൈ: കേരളത്തിലെ പ്രധാന മൊബൈല്‍ ഫോണ്‍ സേവന ദായകരായ എസ്കോട്ടെല്‍ മൊബൈല്‍ വില്പനയ്ക്ക്. എസ്കോട്ടെല്‍ മൊബൈലിന്റെ മൂന്ന് സെല്ലുലാര്‍ സര്‍ക്കിളുകള്‍ വാങ്ങാന്‍ ഐഡിയ സെല്ലുലാര്‍ ഒരുങ്ങുകയാണ്. ഇതുസംബന്ധിച്ച് ഇരുകമ്പനികളും ചര്‍ച്ച നടത്തിവരികയാണ്.
സെല്ലുലാര്‍ സര്‍ക്കിളുകള്‍ വില്‍ക്കുന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. കേരളത്തിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലുമാണ് എസ്കോട്ടെല്ലിന്റെ മൊബൈല്‍ സേവനം ഉള്ളത്. ഈ മൂന്ന് സര്‍ക്കിളുകളിലും എസ്കോട്ടെല്ലാണ് മുന്നില്‍.
കഴിഞ്ഞ ചില ആഴ്ചകളായി ചര്‍ച്ച അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ വില്പന സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് അറിയുന്നത്. വില സംബന്ധിച്ച ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നുണ്ട്. പ്രതി ഉപഭോക്തൃ വരുമാനം, വരിക്കാരുടെ എണ്ണം എന്നിവ കണക്കിലെടുത്താവും വില നിശ്ചയിക്കുന്നത്. എസ്കോര്‍ട്ട്സ് കമ്പനിയുടേതാണ് ഈ എക്സോട്ടെല്‍ മൊബൈല്‍.
ടാറ്റ, ബര്‍ല, എടി ആന്റ് ടി എന്നീ കമ്പനികള്‍ ഒരുമിച്ച് ചേര്‍ന്ന് തുടങ്ങിയിട്ടുള്ളതാണ് ഐഡിയ സെല്ലുലാര്‍.
എസ്കോര്‍ട്ട്സ് ലിമിറ്റഡിന് എസ്കോട്ടെല്‍ മൊബൈല്‍ സര്‍വീസ് കമ്പനിയില്‍ 51 ശതമാനം ഓഹരിയാണുള്ളത്. ഹോങ്കോങിലെ ഫസ്റ് പസിഫിക് കമ്പനിയ്ക്കാണ് ബാക്കിയുള്ള 49 ശതമാനം ഓഹരി. ഹോങ്കോങ്ങ് കമ്പനി ഇവ വില്ക്കാനായി കഴിഞ്ഞ കുറേ മാസങ്ങളായി ആളെ തേടുകയാണ്. 1996ലാണ് എസ്കോട്ടെല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയത്.
മൂന്ന് സര്‍ക്കിളുകളിലായി എസ്കോട്ടെല്ലിന് 6.9 ലക്ഷം വരിക്കാരാണുള്ളത്. കേരളത്തില്‍ 2.9 ലക്ഷവും ഹരിയാനയില്‍ ഒരു ലക്ഷവും ഉത്തര്‍പ്രദേശില്‍ മൂന്ന് ലക്ഷവും വരിക്കാരാണ് എസ്കോട്ടെല്ലിനുള്ളത്. 1996 അവസാനത്തോടെയാണ് എസ്കോട്ടെല്‍ മൂന്ന് സര്‍ക്കിളിലും സര്‍വീസ് തുടങ്ങിയത്.
പഞ്ചാബ്, ഉത്തര്‍പ്രദേശ് (ഈസ്റ്), രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സര്‍ക്കിളുകളിലും എസ്കോട്ടെല്ലിന് സെല്ലുലാര്‍ ലൈസന്‍സ് ലഭിച്ചിരുന്നു. പഞ്ചാബിലെ ലൈസന്‍സ് എസ്കോട്ടെല്ലില്‍ നിന്ന് വാങ്ങാന്‍ ഹച്ചിസണ്‍ മാക്സ് ടെലികോം ധാരണയായി. മറ്റ് മൂന്ന് സര്‍ക്കിളുകളിലും സര്‍വീസ് തുടങ്ങുന്നതിന് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇതുവരെ പ്രവര്‍ത്തനം ആരംഭിക്കാഞ്ഞത്.












Click it and Unblock the Notifications