ലാഭകരമല്ലാത്ത സ്കൂളുകള്‍ പൂട്ടുന്നു
പാലക്കാട്: ലാഭകരമല്ലാത്ത സ്കൂളുകള്‍ പൂട്ടാന്‍ വീണ്ടും സര്‍ക്കാര്‍ നീക്കം തുടങ്ങി. ഒരു ക്ലാസില്‍ 25ല്‍ താഴെ കുട്ടികളുള്ള സ്കൂളുകളുടെ ലിസ്റ് തയ്യാറാക്കി ഒക്ടോബര്‍ 10നുള്ളില്‍ നല്‍കാന്‍ അസിസ്റന്റ് എജ്യുക്കേഷന്‍ ഓഫീസര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
നൂറില്‍ താഴെ കുട്ടികളുള്ള സ്കൂളുകളുടെ വിവരങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും ആദ്യഘട്ടത്തില്‍ ലിസ്റ് തയ്യാറാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശ പ്രകാരം അസിസ്റന്റ് എജ്യുക്കേഷന്‍ ഓഫീസര്‍മാര്‍ സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്കും മാനേജര്‍മാര്‍ക്കും ലിസ്റ് നല്‍കിയിട്ടുണ്ട്.
കുട്ടികള്‍ 25ല്‍ താഴെയുള്ള ക്ലാസുകളില്‍ ഒരു മാസത്തിനകം കുട്ടികളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ അധ്യയനവാര്‍ഷികത്തിന്റെ അവസാനത്തോടെ അത്തരം സ്കൂളുകള്‍ അടച്ചുപൂട്ടും. ലാഭകരമല്ലാത്ത സ്കൂളുകള്‍ നടത്തേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
നൂറിലധികം കുട്ടികളുള്ള സ്കൂളുകളുടെ ലിസ്റ് തയ്യാറാക്കിയാണ് ആദ്യം ക്ലാസുകളിലെ കുട്ടികളുടെ എണ്ണം പരിശോധിക്കുന്നത്. ക്രമേണ ഇത് നൂറിലേറെ കുട്ടികളുള്ള സ്കൂളുകളിലേക്കും വ്യാപിപ്പിക്കും.
കഴിഞ്ഞ വര്‍ഷം 105 സ്കൂളുകള്‍ അടച്ചുപൂട്ടാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത്രയും സ്കൂളുകള്‍ പൂട്ടിയില്ല. ഇത്തവണ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂളുകളെയും പൂട്ടല്‍ ഭീഷണി ബാധിച്ചേക്കും.
സ്കൂളുകളിലെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പി ടി എ കള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍ ആ സ്കൂളുകള്‍ക്ക് പിന്നീട് വിനയാവുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.












Click it and Unblock the Notifications