ഡിസം. 31നകം ഭരണഭാഷ മലയാളമാക്കും
തിരുവനന്തപുരം: ഡിസംബര്‍ 31നകം സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും ഭരണഭാഷ മലയാളമാക്കും. ഇതിനുള്ള നടപടികള്‍ നടന്നുവരികയാണ്.
68 വകുപ്പുകളിലെ ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഡിസംബര്‍ 31നുള്ളില്‍ എല്ലാ വകുപ്പുകളിലെയും മാനുവലും ഫോറങ്ങളും പൂര്‍ണമായും മലയാളത്തിലാക്കും. വിനോദസഞ്ചാരം, രാസപരിശോധനാ ലബോട്ടറി, എന്‍സിസി എന്നീ വകുപ്പുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ഇതോടൊപ്പം തന്നെ എല്ലാ വകുപ്പുകളുടെയും പേരുകള്‍ മലയാളത്തിലാക്കും. ഒരു തരത്തിലും ഒഴിവാക്കാനാവുന്നില്ലെങ്കില്‍ മാത്രം ഇംഗ്ലീഷ് പേരുകള്‍ നിലനിര്‍ത്തും.
എല്ലാ വകുപ്പുകളിലും മലയാളവത്കരണത്തിന് പരിഭാഷാ സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളായ പി എസ് സി, പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, വനിതാ കമ്മിഷന്‍, ലോകായുക്ത, ഓംബുഡ്സ്മാന്‍ എന്നിവിടങ്ങളിലും ഭരണഭാഷ മലയാളമാക്കും.
ഫയലുകള്‍ മലയാളത്തിലാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്. ഓരോ ബാച്ചുകളിലായാണ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്. അഞ്ച് ദിവസമാണ് ഒരു ബാച്ചിന് പരിശീലനം നല്‍കുക. ഇതുവരെ 140 ബാച്ചുകള്‍ പരിശീസനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ഡിസംബര്‍ 31ന് ശേഷം മലയാളം ഉപയോഗിക്കാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാവും. ഇതിനായി ഒമ്പതംഗ നിയമസഭാ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. തേറമ്പില്‍ രാമകൃഷ്ണനാണ് സമിതിയുടെ ചെയര്‍മാന്‍.












Click it and Unblock the Notifications