മാറാട് 72 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു
കോഴിക്കോട്: മാറാട്ട് നിന്ന് മാറിപ്പോയവരെ പുനരധിവസിപ്പിയ്ക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. ഒക്ടോബര്‍ 10 വെള്ളിയാഴ്ച ഉച്ചയോടെ 72 കുടുംബങ്ങളെ മാറാടേക്ക് പുനരധിവസിപ്പിച്ചു.
കപ്പക്കലുള്ള ഒരു ക്യാമ്പിലെയും ചാലിയത്തെ രണ്ട് ക്യാമ്പുകളിലെയും കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. 72 കുടുംബങ്ങളില്‍ പെട്ട 523 പേരാണ് പുനരധിവസിപ്പിക്കപ്പെട്ടത്.
ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങളും അവശ്യം വേണ്ട വീട്ടുപകരണങ്ങളും ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ് പറഞ്ഞു.
കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് പുനരധിവാസ പരിപാടികള്‍ നടത്തുന്നത്. പുനരധിവാസം നടത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച തന്നെ കരി ഓയില്‍ ഒഴിച്ച കിണറുകള്‍ വൃത്തിയാക്കിയിരുന്നു.
തിരികെ തങ്ങളുടെ വീടുകളിലെത്തിയ കുടുംബങ്ങളോട് അയല്‍വീട്ടുകാര്‍ സഹകരിക്കുന്നുണ്ട്. ഭക്ഷണം ചെയ്യാന്‍ ഇവര്‍ക്ക് പാത്രങ്ങള്‍ നല്‍കാന്‍ പല അയല്‍ക്കാരും തയ്യാറായി. കിണറുകളില്‍ നിന്ന് വെള്ളം കോരുന്നതിനും അനുവദിച്ചു.
കളക്ടറും മറ്റ് റവന്യൂ അധികൃതരും പൊലീസ് കമ്മിഷണറുമാണ് പുനരധിവാസത്തിന് നേതൃത്ത്വം നല്‍കുന്നത്. അരയ സമാജവും ബി ജെ പിയും ഹിന്ദു ഐക്യ വേദിയും പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും പ്രശ്നങ്ങള്‍ ആരെങ്കിലും ഉണ്ടാക്കിയാലും അവ പരിഹരിയ്ക്കാന്‍ ഈ സംഘടനകള്‍ മുന്‍കൈയെടുക്കാമെന്നും ഇവര്‍ കളക്ടര്‍ക്ക് വാക്ക് കൊടുത്തിട്ടുണ്ട്.












Click it and Unblock the Notifications