കൊച്ചിയില്‍ എലി വിമാനയാത്ര മുടക്കി
നെടുമ്പാശേരി: എലിശല്ല്യം മൂലം നെടുമ്പാശേരിയില്‍ വിമാനം റദ്ദാക്കേണ്ടിവന്നു. ഒക്ടോബര്‍ എട്ടിന് രാത്രി പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ എഐ 925 വിമാനമാണ് കാബിനില്‍ എലിശല്ല്യം മൂലം യാത്ര റദ്ദാക്കിയത്.
ഇതുമൂലം 154 യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. റണ്‍വേയില്‍ പുറപ്പെടാന്‍ സജ്ജമായിരുന്ന വിമാനം എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബേയിലേക്ക് നീക്കുകയായിരുന്നു. അവിടെവച്ച് എലിയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യാത്രയ്ക്കിടെ എലി കേബിളുകള്‍ കടിച്ചുമുറിച്ചാലോ എന്ന ഭയത്താലാണ് വിമാനം യാത്ര മുടക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെയും കാബിനില്‍ എലിയെ കണ്ടെത്താന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് വിമാനത്തിന്റെ വാതിലുകളെല്ലാമടച്ച് ആന്റി റാഡന്റ് ഫ്യൂമിഗേഷന് നടത്തി. മനുഷ്യര്‍ക്ക് ദോഷകരമല്ലാത്ത വിഷവാതകം പുകയ്ക്കുന്ന പ്രക്രിയയാണിത്. നാല് മണിക്കൂര്‍ വിമാനം മുഴുവന്‍ പുക തങ്ങി നില്ക്കുമ്പോള് എലി പോലുള്ള ജന്തുക്കളെല്ലാം നശിയ്ക്കും. തുടര്‍ന്ന് ഒരു മണിയ്ക്കൂറിന് ശേഷം യാത്രക്കാരെ കയറ്റി വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് പുറപ്പെട്ടു.
ഹൈലിഫ്റ്റ് വഴിയോ എയ്റോ ബ്രിഡ്ജ് വഴിയോ ആകാം എലി വിമാനത്തില്‍ കയറിയതെന്ന് അധികൃതര്‍ സൂചന നല്കി.