കേരളീയ ദൃശ്യങ്ങളുമായി സി-ഡിറ്റിന്റെ ചിത്രക്കുടുക്ക
തിരുവനന്തപുരം: കേരള സംസ്കാരത്തിന്റെ തനിമയാര്‍ന്ന ചിത്രങ്ങളും അനിമേഷനും സംഗീത ദൃശ്യങ്ങളുമായി സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഒഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സി ഡി പുറത്തിറക്കുന്നു.
ചിത്രക്കുടുക്ക എന്നാണ് സി ഡിക്ക് പേരിട്ടിരിക്കുന്നത്. കേരള സംസ്കാരത്തിന്റെ ദൃശ്യങ്ങളടങ്ങിയ ഇപ്പോള്‍ ലഭ്യമായ സി ഡികളില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും കേരളീയ മുദ്രയുള്ള ചിത്രങ്ങളാണ് ചിത്രക്കുടുക്കയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചിത്രക്കുടുക്കയുടെ ആദ്യത്തെ വാല്യം ഒക്ടോബറില്‍ പുറത്തിറക്കും. വിവരസാങ്കേതികവിദ്യയില്‍ വിവിധ തലങ്ങളില്‍ മലയാളത്തിന്റെ ഉപയോഗം ജനകീയവത്കരിക്കാനും ഏകീകരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി സി-ഡിറ്റ് നടത്തുന്ന ഗവേഷണത്തിന്റെ ഫലമായാണ് ചിത്രക്കുടുക്ക പുറത്തിറക്കാനായതെന്ന് സി-ഡിറ്റ് ഡയറക്ടര്‍ അച്യുത് ശങ്കര്‍ എസ്. നായര്‍ പറഞ്ഞു.
ഓണം, ഉറൂസ്, വാവുബലി തുടങ്ങിയ ആഘോഷങ്ങളുടെയും പ്രാചീന ക്ഷേത്രങ്ങളുടെയും മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളുടെയും ചുമര്‍ചിത്രങ്ങളുടെയും ചിത്രങ്ങള്‍ ചിരിക്കുടുക്കയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സി ഡിയുടെ ആദ്യ വാല്യത്തിന് വ്യക്തികള്‍ക്ക് 200 രൂപയും ഡി ടി പി സെന്ററുകള്‍ക്ക് 100 രൂപയും സംഘടനകള്‍ക്ക് 3000 രൂപയുമാണ് വില. 2,500 ഓളം ചിത്രങ്ങളാണ് ആദ്യവാല്യത്തിലുള്ളത്.
കേരള സംസ്കാരത്തെയും ചരിത്രത്തെയും ആസ്പദമാക്കിയുള്ള ഒമ്പത് വാല്യങ്ങള്‍ കൂടി സി-ഡിറ്റ് പുറത്തിറക്കും. ഇവയില്‍ അനിമേഷനും നൃത്തരൂപങ്ങളുടെ ചിത്രങ്ങളും സംഗീത ഉപകരണങ്ങളുടെ ശബ്ദവും തിരഞ്ഞെടുക്കപ്പെട്ട കവിതകളുടെ ഭാഗങ്ങളും ഉള്‍പ്പെടുത്തും.












Click it and Unblock the Notifications