മാറാട്: ധനസഹായം ശനിയാഴ്ച
കോഴിക്കോട്: മാറാട്ട് കൂട്ടക്കൊലയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒക്ടൊബര്‍ 11 ശനിയാഴ്ച ധനസഹായം വിതരണം ചെയ്യും.
പൊതുഭരണ സെക്രട്ടറി കെ. കെ. വിജയകുമാറാണ് ധനസഹായം അരയ സമാജം ഓഫീസില്‍ വച്ച് വിതരണം ചെയ്യുന്നത്.
കൂട്ടക്കൊലയില്‍ മരിച്ച ഒമ്പത് പേരുടെ ബന്ധുക്കള്‍ക്കും പത്ത് ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
ഇതിനിടെ കൂട്ടക്കൊലയില്‍ മരിച്ച ഏക മുസ്ലിമായ അസ്കറിന്റെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യ വേദി മുന്നോട്ട് വന്നിട്ടുണ്ട്. അസ്കര്‍ കൂട്ടക്കൊലയുമായ കേസില്‍ പ്രതി ആണെന്നാണ് ഹിന്ദു ഐക്യ വേദി പറയുന്നത്. അസ്കറിന്റെ ബന്ധുക്കള്‍ക്ക് പണം നല്‍കുന്നതിനെ എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യ വേദി നേതാവ് കുമ്മനം രാജശേഖരന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അസ്കറിന്റെ വീട്ടുകാര്‍ക്ക് ധനസഹായം നല്‍കരുതെന്ന് ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമ്മനം വ്യക്തമാക്കി.
നേരത്തെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരുലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ ഈ തുക ജില്ലാ ഭരണകൂടത്തിന് തിരിച്ച് നല്‍കി. ഹിന്ദു സംഘടനകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തു തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപയും ചെറിയ പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപയുമാണ് നല്‍കുന്നത്.
സര്‍ക്കാര്‍ ആദ്യം ധനസഹായം നല്‍കിയപ്പോള്‍ അസ്കറിന്റെ ബന്ധുക്കള്‍ക്ക് അത് നല്‍കിയിരുന്നില്ല.
ഇതിനിടെ മാറാട് നടന്ന മുന്‍ കലാപത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും ധനസഹായം നല്‍കണമെന്ന് ഐ. എന്‍. എല്‍. മാറാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കലാപത്തില്‍ മാത്രം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനിച്ച് സംഘപരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും ഇവര്‍ ആരോപിച്ചു.












Click it and Unblock the Notifications