എമിഗ്രേഷന്‍ നിയമം ലഘൂകരിക്കണം: ട്രാവല്‍ ഏജന്റുമാര്‍
തിരുവനന്തപുരം: ഗള്‍ഫില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ ലേബര്‍ എഗ്രിമെന്റും മടക്ക ടിക്കറ്റിനുള്ള പണവും കെട്ടിവയ്ക്കണമെന്ന നിയമം ലഘൂകരിക്കണമെന്ന് കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്സ് ആവശ്യപ്പെട്ടു.
2003 നവംബര്‍ 15 മുതല്‍ നടപ്പാക്കാന്‍ പോകുന്ന ഈ നിയമം ഗള്‍ഫ് മലയാളികള്‍ക്ക് ഇരുട്ടടിയാകുമെന്നും വ്യാജ എമിഗ്രേഷന്‍ ക്ലിയറന്‍സുകള്‍ക്കും തട്ടിപ്പിനും അഴിമതിക്കും ഇടവരുത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമം എത്രത്തോളം കര്‍ശനമാക്കുന്നുവോ അത്രയും അഴിമതിയുണ്ടാവും. പുതിയ നിയമം വിമാനത്താവളങ്ങളില്‍ പണ്ട് നിലനിന്നിരുന്ന ചവിട്ടിക്കേറ്റിന് വീണ്ടും ഇടവരുത്തും. രണ്ട് ലക്ഷത്തില്‍പരം പേര്‍ ഗള്‍ഫില്‍ തൊഴില്‍ തേടിപ്പോകുന്ന ഈ അവസരത്തില്‍ പുതിയ നിയമം വന്‍ തടസ്സങ്ങളുണ്ടാക്കും ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
ഗള്‍ഫിലേക്ക് പോകുന്ന 30 വയസ്സിന് താഴെയുള്ള സ്ത്രീകളെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കുന്നതായി വ്യാപകമായി പരാതിയുണ്ട്. ഗള്‍ഫില്‍ താഴ്ന്ന ജോലി ചെയ്യുന്ന സ്ത്രീകള്‍ ലീവില്‍ വന്ന് തിരികെപ്പോകുമ്പോള്‍ പോലും ഇങ്ങനെ തടഞ്ഞു വയ്ക്കുന്നുണ്ട്. കേന്ദ്രവുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കേരള അസോസിയേഷന്‍ ഓഫ് ട്രാവല്‍ ഏജന്റ്സ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications