നേതൃമാറ്റം ഒഴിച്ച് എന്തുമാവാം: ഹൈകമാണ്ട്
ദില്ലി: കേരളത്തില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം ഒഴിച്ച് എന്തുമാവാമെന്ന നിലപാടാണ് ഹൈകമാണ്ട് വിവിധ ചര്‍ച്ചകളില്‍ കരുണാകരനെ അറിയിച്ചത്. എന്നാല്‍ കരണാകരന്‍ നേരത്തേ സ്വീകരിച്ച നിലപാടില്‍ നിന്ന് കടുകിട മാറിയിട്ടുമില്ല.
സോണിയാ ഗാന്ധിയെ കാണുന്നതിന് മുമ്പ് കരുണാകരനുമായി കേരളത്തിന്റെ ചുമതലയുള്ള അഹമ്മദ് പട്ടേല്‍ ഒരുമണിയ്ക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അഹമ്മദ് പട്ടേലിന് ജലദോഷമായതുകൊണ്ട് കാര്യമായ ചര്‍ച്ച ഒന്നും നടന്നില്ലെന്നാണ് കരുണാകരന്‍ പറയുന്നത്. അതിന് ശേഷം സോണിയാ ഗാന്ധിയെ കരുണാകരന്‍ കണ്ടപ്പോഴും ഒപ്പം അഹമ്മദ് പട്ടേല്‍ ഉണ്ടായിരുന്നു.
കരുണാകരന്‍ സോണിയ കൂടിക്കാഴ്ചയ്ക്ക് മുമ്പ് മോട്ടിലാല്‍ വോറയും കരുണാകരനുമായി ചര്‍ച്ച നടത്തി. കരുണാകരന്റെ നിലപാട് മാറ്റാനായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് കരുതുന്നു. ആര്‍ കെ ധവാനും കരുണാകരനുമായി ചര്‍ച്ച നടത്തി. എറണാകുളം ഉപ തിരഞ്ഞെടുപ്പിനെക്കുറിച്ച് അന്വേഷിയ്ക്കുന്ന എല്‍ പി സാഹി കരുണാകരനുമായി ഒക്ടോബര്‍ 14 ചൊവാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് കാര്യമായ ഫലമൊന്നും ഉണ്ടാവാനിടയില്ല.
കൂടിക്കാഴ്ചകള്‍ എല്ലാം തന്നെ കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി ഒരു നടപടി ഹൈകമാണ്ടില്‍ നിന്നാണ് ഉണ്ടാവേണ്ടത്. എന്നാല്‍ ഉടനടി നടപടി എടുക്കാന്‍ ഹൈകമാണ്ട് തയ്യാറാവില്ല. ഇന്ദിരാ ഗാന്ധിയുടെ ജന്മദിനായ നവംബര്‍ 19 ന് ഐ വിഭാഗം നടത്തുന്ന റാലിവരെ സമയമുണ്ടെന്നാണ് ഹൈകമാണ്ട് കരുതുന്നത്.












Click it and Unblock the Notifications