ഇന്ത്യയിലെ ചെടികളെക്കുറിച്ച് വിവരശേഖരം
തിരുവനന്തപുരം: ഇന്ത്യയിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള സമസ്തവിവരങ്ങളും ഉള്‍പ്പെടുത്തിയുളള ഒരു ഇന്റര്‍നെറ്റ് വിവരശേഖരം ടിബിജിആര്‍ഐ ടിബിജിആര്‍ഐ (ട്രോപ്പിയ്ക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട്) തയ്യാറാക്കുന്നു.
പ്ലാന്റ് ഇന്‍ഫോ എന്ന് പേരിട്ടിരിയ്ക്കുന്ന ഈ വിവരശേഖരത്തില്‍ ഇന്ത്യയിലെ മുഴുവന്‍ സസ്യജാലങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഉണ്ടായിരിക്കും. ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ ഒരു ജൈവ വിവരശേഖരണ കേന്ദ്രം(ബയോഇന്‍ഫര്‍മാറ്റിക് സെന്റര്‍) ഇതിനായി സ്ഥാപിച്ചുകഴിഞ്ഞു. ജീവശാസ്ത്രരംഗത്തെ വിദഗ്ധരും കമ്പ്യൂട്ടര്‍ വിദഗ്ധരും ഇപ്പോള്‍ കേരളത്തിലെ ചെടികളുടെ വിശദാംശങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലാണ്.
ജൈവവൈവിധ്യത്തിന് ഏറെ പ്രാധാന്യം നല്കുന്ന പത്താം പദ്ധതിയില്‍ ഈ സംരംഭത്തിന് പ്രത്യേകം ഊന്നല്‍ നല്കും. ഈ പദ്ധതിയ്ക്കായി ജൈവ സാങ്കേതിക വകുപ്പ് ടിബിജിആര്‍ഐയ്ക്ക് 45 ലക്ഷം രൂപ നല്കിയിട്ടുണ്ട്.
2002ല്‍ ആരംഭിച്ച ഈ പദ്ധതി 2012ഓടെ പൂര്‍ത്തിയാക്കുമെന്ന് കരുതുന്നു. വിവരങ്ങള്‍ ക്രമീകരിയ്ക്കാന്‍ ടിബിജിആര്‍ഐ പ്ലാന്റ് ഇന്‍ഫോ വെര്‍ഷന്‍ 1 എന്ന ഒരു സോഫ്റ്റ്വെയര്‍തന്നെ ഉണ്ടാക്കിയിട്ടുണ്ട്. സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ് ഈ സോഫ്റ്റ്വെയര്‍.
പശ്ചിമഘട്ട മലനിരകളില്‍ ഏകദേശം 5,725 വിഭാഗം ചെടികള്‍ ഉണ്ടെന്ന് കരുതുന്നതായി ബയോഇന്‍ഫര്‍മാറ്റിക്സ് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ എസ്. ശ്രീകുമാര്‍ പറഞ്ഞു. ഇതില്‍ 60 ചെടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിനകം ശേഖരിച്ചുകഴിഞ്ഞു.
ഈ വിവരശേഖരത്തിന്റെ സംരക്ഷണത്തിനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ ടിബിജിആര്‍ഐ ഡയറക്ടര്‍, ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍, മധുരൈ കാമരാജ്ബയോ ഇന്‍ഫര്‍മാറ്റിക് സെന്ററിലെ പ്രതിനിധി, രണ്ട് പ്രത്യേക ക്ഷണിതാക്കള്‍, രണ്ട് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്. ഈ വിവരങ്ങള്‍ ചോര്‍ന്നുപോകാതെ സംരക്ഷിയ്ക്കുന്ന കാര്യത്തില്‍ ടിബിജിആര്‍ഐ പ്രത്യേകം ശ്രദ്ധിയ്ക്കും. കാരണം ഇത്രയും പ്രധാനപ്പെട്ട വിവരങ്ങള്‍ തെറ്റായ കേന്ദ്രങ്ങളില്‍ എത്തിപ്പെട്ടാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നതിനാലാണിതെന്ന് ശ്രീകുമാര്‍ പറഞ്ഞു.
ഒരു ഗാര്‍ഡന്‍ ഇന്‍ഫോ നിര്‍മ്മിക്കാനും ബയോ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ പദ്ധതിയിടുന്നുണ്ട്. സസ്യത്തോട്ടങ്ങള്‍, വിത്തുകളുടെ വിവരങ്ങള്‍, വിത്ത് ശേഖരത്തെക്കുറിച്ചുള്ള വിവരങ്ങളുടെ സോഫ്റ്റ്വെയര്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ളതായിരിക്കും ഈ ഗാര്‍ഡന്‍ ഇന്‍ഫോ.












Click it and Unblock the Notifications