സ്വാശ്രയകോളെജ്: ധാരണയ്ക്ക് ആറാഴ്ച കൂടി
ദില്ലി: സ്വാശ്രയ മെഡിക്കല്‍ കോളെജ് പ്രശ്നത്തില്‍ സ്വകാര്യമാനേജ്മെന്റുകളുമായി പൊതുധാരണ ഉണ്ടാക്കുന്നുണ്ടെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് സ്വാശ്രയകോളെജ് സംബന്ധിച്ച കേസ് സുപ്രീംകോടതി ആറാഴ്ചത്തേക്ക് മാറ്റിവച്ചു.
മാനേജ്മെന്റുകളുമായി പൊതുധാരണ ഉണ്ടാക്കുന്നതിനാല്‍ കേസ് നീട്ടിവയ്ക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന്റെ സ്റാന്റിംഗ് കൗണ്‍സിലര്‍ ശശിപ്രഭു കോടതിയോട് അഭ്യര്‍ത്ഥിയ്ക്കുകയായിരുന്നു. എതിര്‍കക്ഷികളായ പുഷ്പഗിരി മെഡിക്കല്‍ കോളെജ് അധികൃതരും ഈ നിര്‍ദേശത്തോട് യോജിച്ചു. ജസ്റിസുമാരായ രാജേന്ദ്രബാബു, ജെ.പി. മാഥൂര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മന്ത്രിസഭാ ഉപസമിതിയും സ്വകാര്യമാനേജ്മെന്റ് പ്രതിനിധികളും കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയില്‍ മെറിറ്റ് സീറ്റുകളില്‍ ഫീസ് ഈടാക്കുന്ന വിഷയത്തില്‍ ധാരണയിലെത്തിയിരുന്നു. ഇതുസംബന്ധിച്ച കേസുകള്‍ പിന്‍വലിയ്ക്കാനും ധാരണയായി. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ആറാഴ്ചത്തെ സമയം ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.


Click it and Unblock the Notifications