ഇന്ത്യ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യ ഏറ്റവും ഭാരമേറിയതും ആധുനികവുമായ ഉപഗ്രഹം ഒക്ടോബര്‍ 18 വെള്ളിയാഴ്ച വിക്ഷേപിച്ചു. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹവിക്ഷേപിണിയായ പിഎസ്എല്‍വി ഉപയോഗിച്ചാണ് ഇന്ത്യന്‍ സമയം രാവിലെ 10.22ന് റിസോഴ്സ്സാറ്റ്-1 വിക്ഷേപിച്ചത്.
ശ്രീഹരിക്കോട്ടയിലെ സ്പേസ് സെന്ററില്‍ അവിചാരിതമായുണ്ടായ കനത്ത മഴ പക്ഷെ വിക്ഷേപണത്തിന് തടസ്സമായില്ല. ഉപഗ്രഹത്തെ വഹിച്ച് കുതിച്ചുയര്‍ന്ന പിഎസ്എല്‍വിയ്ക്ക് 44.4 മീറ്റര്‍ നീളവും 294 ടണ്‍ ഭാരവുമുണ്ട്. റിസോഴ്സ്സാറ്റ്-1ന്റെ ഭാരം 1360 കിലോഗ്രാം വരും. പിഎസ്എല്‍വി റിസോഴ്സ്സാറ്റിനെ ഭൂമിയ്ക്ക് 817 കിലോമീറ്ററിനപ്പുറമുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു.
വിക്ഷേപണം വിജയകരമായതോടെ ഐഎസ്ആര്‍ഒ മേധാവി മാധവന്‍നായരെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഫോണില്‍ ബന്ധപ്പെട്ട് അഭിനന്ദിച്ചു. മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കാനുള്ള പദ്ധതിയൊന്നും ഇന്ത്യയ്ക്കില്ലെന്ന് മാധവന്‍നായര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദൂരസംവേദന ഉപഗ്രഹങ്ങളില്‍ ഏറ്റവും ആധുനികമായതാണ് ഇന്ത്യ വെള്ളിയാഴ്ച വിക്ഷേപിച്ച റിസോഴ്സ്സാറ്റ് 1. ബഹിരാകാശത്ത് നിന്ന് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വ്യക്തതയുള്ള ചിത്രം ഇതുവഴി ലഭിയ്ക്കും.












Click it and Unblock the Notifications