കബനി പദ്ധതി: സര്‍ക്കാരിന് അനാസ്ഥ
കല്‍പ്പറ്റ: മണ്‍സൂണ്‍ കാലത്തും വരള്‍ച്ച നേരിടുന്ന വയനാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണന കടുത്ത പ്രതിഷേധത്തിന് വഴിവയ്ക്കുന്നു.
ആവശ്യത്തിന് വെള്ളം ലഭിക്കാത്തതു മൂലം വയനാട്ടിലെ കര്‍ഷകര്‍ കുറച്ചു വര്‍ഷങ്ങളായി വിളനാശം നേരിടുകയാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കബനി നദിയിലെ വെള്ളം ഉപയോഗപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പിലാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാരിന് ഇക്കാര്യത്തില്‍ അനക്കമൊന്നുമില്ല.
വയനാട്ടിലെ കര്‍ഷകര്‍ കടുത്ത വിളനാശം നേരിടേണ്ടിവരുമ്പോള്‍ കര്‍ണാടകത്തില്‍ കാര്‍ഷിക ആവശ്യത്തിനും വൈദ്യുതിക്കും കബനിയിലെ വെള്ളം ധാരാളമായി ഉപയോഗിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. കര്‍ണാടക സര്‍ക്കാര്‍ 4.5 ഹെക്ടര്‍ ഭൂമിയിലെ ജലസേചനത്തിന് കബനിയിലെ വെള്ളം ഉപയോഗിക്കുന്നത്.
കബനി നദിയും അതിന്റെ പോഷകനദികളായ ബാവലിപുഴ, മാനന്തവാടിപുഴ, കടമന്‍തോട്, കണ്ണാരംപുഴ, മുഡ്ഡല്ലിതോട് എന്നിവയും കേരള സംസ്ഥാനത്തിനുള്ളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. കേരളത്തിലെ ഉത്ഭവിക്കുന്ന നദിയിലെ വെള്ളം ഉപയോഗിച്ച് കര്‍ണാടകം കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുമ്പോള്‍ കബനി നദി ഉത്ഭവിക്കുന്ന വയനാട് ജില്ലയിലെ കര്‍ഷകര്‍ വിളനാശവും വരള്‍ച്ചയും നേരിടേണ്ടിവരുന്നു.
കബനി വെള്ളം സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് കബനി നദീജല ഉപയോഗ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. കബനി നദിയില്‍ ചെറുകിട പദ്ധതികള്‍ സ്ഥാപിക്കുന്നതിന് കാവേരി ജല ട്രിബ്യൂണലില്‍ നിന്നും എതിര്‍പ്പുണ്ടാവില്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. കബനി നദിയിലെ വെള്ളം കര്‍ണാടകം ചൂഷണം ചെയ്യുമ്പോള്‍ കേരളത്തിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ യാതൊരു പദ്ധതിയും നടപ്പിലാക്കാത്ത സര്‍ക്കാരിന്റെ അനങ്ങപ്പാറനയം കര്‍ഷകരില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.












Click it and Unblock the Notifications