ദില്ലിയില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് സര്‍വെ
ദില്ലി: ദില്ലിയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി സെന്റര്‍ ഫോര്‍ സ്റഡി ഒഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു.
ദില്ലിയിലെ 48 ശതമാനം വോട്ടര്‍മാര്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്ന് വെളിപ്പെടുത്തിയതായി സര്‍വെയില്‍ പറയുന്നു. 31 ശതമാനം പേര്‍ മാത്രമാണ് ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞത്.
ഷീലാ ദീക്ഷിത് സര്‍ക്കാരിന് ഉയര്‍ന്ന ജനപിന്തുണയുണ്ടെന്നാണ് സര്‍വെ ഫലം വെളിപ്പെടുത്തുന്നത്. മദല്‍ലാല്‍ ഖുരാനയേക്കാള്‍ ജനപിന്തുണയില്‍ ഷീലാ ദീക്ഷിത് ഏറെ മുന്നിലാണ്.
1998ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 47.8 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് നേടിയതെങ്കില്‍ ബി ജെ പിക്ക് 24 ശതമാനം വോട്ടേ കിട്ടിയുള്ളൂ. 53 സീറ്റ് കോണ്‍ഗ്രസിനും 14 സീറ്റ് ബി ജെ പിക്കുമായിരുന്നു. 98ലേതിന് സമാനമായ ഫലമായിരിക്കും ഇത്തവണയുമെന്നാണ് സര്‍വെഫലം പ്രവചിക്കുന്നത്.
വിവിധ വിഭാഗങ്ങളില്‍ പെട്ട വോട്ടര്‍മാരുടെ പ്രതിനിധികളുമായി 9765 അഭിമുഖങ്ങളാണ് സര്‍വെയില്‍ നടത്തിയത്. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സര്‍വേ നടത്തിയത്.












Click it and Unblock the Notifications