സ്ഥാനാര്‍ഥി നിര്‍ണയം യുഡിഎഫിന് തലവേദന
പത്തനംതിട്ട: തിരുവല്ല നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം യു ഡി എഫിന് തലവേദനയാവുന്നു.
മാര്‍ത്തോമ സഭയില്‍ പെട്ട ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് കേരള കോണ്‍ഗ്രസിന് താത്പര്യം. അന്തരിച്ച മാമന്‍ മത്തായി മാര്‍ത്തോമ സഭയില്‍ പെട്ടയാളായിരുന്നു. മാമന്‍ മത്തായിയുടെ വിധവ എലിസബത്ത് മാമനെ സ്ഥാനാര്‍ഥിയാക്കിയാല്‍ സഹതാപ തരംഗം കൂടി മുതലാക്കാമെന്നാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് കണക്കുകൂട്ടുന്നത്.
എന്നാല്‍ ഓര്‍ത്തഡോക്സ് സഭയുടെ കടുത്ത നിലപാട് കേരള കോണ്‍ഗ്രസിന്റെ താത്പര്യങ്ങള്‍ക്കെതിരാണ്. ഒക്ടോബര്‍ 20 തിങ്കളാഴ്ച തിരുവല്ല ഓര്‍ത്തഡോക്സ് അതിരൂപതയുടെ കീഴിലുള്ള പുരോഹിതന്മാരുടെ യോഗം തിരുവല്ലയില്‍ ഓര്‍ത്തഡോക്സുകാരനായ ഒരാളെ യു ഡി എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനിച്ചത്.
മലങ്കര ഓര്‍ത്തഡോക്സ് സഭയും സിറിയന്‍ യാക്കോബായ സഭയും തമ്മിലുള്ള തര്‍ക്കത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം മൂലം ഓര്‍ത്തഡോക്സ് സഭ സര്‍ക്കാരുമായി സ്വരചേര്‍ച്ചയിലല്ല. തിരുവല്ല ഉപതിരഞ്ഞെടുപ്പിലൂടെ സര്‍ക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരമാണ് ഓര്‍ത്തഡോക്സ് സഭക്ക് കൈവന്നിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഓര്‍ത്തഡോക്സ് സഭയുടെ താത്പര്യത്തിന് വിരുദ്ധമായി സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയാല്‍ അത് വോട്ടെടുപ്പില്‍ പ്രതിഫലിക്കും.
മലങ്കര കാതോലിക്ക സഭയ്ക്കും തിരുവല്ല മണ്ഡലത്തില്‍ സ്വാധീനമുണ്ട്. ഫീസ് ഘടനയുടെ പേരില്‍ പുഷ്പഗിരി മെഡിക്കല്‍ കോളജും സര്‍ക്കാരു തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയിലായതിനാല്‍ കോളജ് നടത്തുന്ന മലങ്കര കാതോലിക സഭയും യു ഡി എഫുമായി ചേര്‍ച്ചയിലല്ല. ഫീസ് പ്രശ്നത്തില്‍ പുഷ്പഗിരി മെഡിക്കല്‍ കോളജിനെ പിന്തുണച്ച മാണി ഗ്രൂപ്പ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മലങ്കര കാതോലിക സഭയും യു ഡി എഫും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്.












Click it and Unblock the Notifications