കശുവണ്ടി കോര്‍പ്പറേഷന്‍ ബാധ്യത ഏറ്റെടുക്കും
തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പ്പറേഷന്റെ 107 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
ഒക്ടോബര്‍ 22 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കശുവണ്ടി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് സര്‍വകക്ഷി യോഗത്തിലും തൊഴിലാളി യൂണിയന്‍ നേതാക്കളുടെ യോഗത്തിലും തീരുമാനിച്ചിരുന്നു. അസംസ്കൃത കശുവണ്ടി ലഭ്യമല്ലാത്തതു കൊണ്ടാണ് ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കാതെ പോയത്.
കൊച്ചി തുറമുഖത്ത് ടണ്‍ കണക്കിന് അസംസ്കൃത കശുവണ്ടി എത്തിയിട്ടുണ്ടെങ്കിലും ബാങ്ക് ഗ്യാരന്റി നല്‍കേണ്ടതു കൊണ്ട് ഇവ ഇറക്കാന്‍ കഴിഞ്ഞിരുന്നില്ല. കോര്‍പ്പറേഷന്റെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ തുറമുഖത്ത് കെട്ടിക്കിടക്കുന്ന അസംസ്കൃത കശുവണ്ടി ഉപയോഗിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നദീജല തര്‍ക്കം പരിഹരിക്കുന്നതിന് തമിഴ്നാടുമായി മന്ത്രിതല ചര്‍ച്ച നടത്തും. ചെന്നൈയില്‍ വച്ചായിരിക്കും ചര്‍ച്ച.
മുള, ഈറ്റ രംഗത്തെ വികസനത്തിനായി ബാംബു കോര്‍പ്പറേഷനും ബാംബു മിഷനും രൂപീകരിക്കും. 75 ലക്ഷം രൂപ ഇതിനായി നീക്കിവയ്ക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ അധ്യാപകരുടെ വേതനം മണിക്കൂറില്‍ 60 രൂപയില്‍ നിന്ന് 100 രൂപയായി കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.


Click it and Unblock the Notifications