ഇന്ത്യാ-പാക് ക്രിക്കറ്റ് പുനരാരംഭിച്ചേയ്ക്കും
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളക്രിക്കറ്റ് മത്സരം പുനരാരംഭിയ്ക്കുന്നതുള്‍പ്പെടെ പാകിസ്ഥാനുമായി സൗഹൃദം സ്ഥാപിയ്ക്കാന്‍ നിര്‍ദേശങ്ങളുമായി ഇന്ത്യ. ഇന്ത്യയുടെ ഈ നീക്കത്തിന് പാകിസ്ഥാനും അനുകൂലമായി പ്രതികരിച്ചതോടെ ഇന്ത്യാ-പാക്ക്രിക്കറ്റ് വീണ്ടും തുടങ്ങാനുള്ള സാധ്യത തെളിഞ്ഞിരിയ്ക്കുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും(ഐസിസി) ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് ക്രിക്കറ്റില്‍ പുതിയ ഒരു അധ്യായത്തിന് വഴിതുറക്കുമെന്ന് ഐസിസി കരുതുന്നു. മുംബൈയില്‍ നിന്ന് കറാച്ചിയിലേക്ക് ബോട്ട് സര്‍വീസ് തുടങ്ങാനും നീക്കമുണ്ട്.
ശ്രീനഗര്‍- മുസാഫര്‍ബാദ് ബസ്സര്‍വീസാണ് മറ്റൊരു നിര്‍ദേശം. രാജസ്ഥാനിലെ ഖോരഖ്പൂരിനും സിന്ധിലെ മുന്നബാവോയും തമ്മില്‍ റെയില്‍മാര്‍ഗ്ഗം ബന്ധിപ്പിയ്ക്കാനും നിര്‍ദേശമുണ്ട്. ഗുരുതരമായ അസുഖം ബാധിച്ച പാകിസ്ഥാനിലെ 20 കുട്ടികള്‍ക്ക് ചികിത്സയും ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇരുഹൈകമ്മീഷന്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടുക, 65 വയസ്സിന്മുകളില്‍ പ്രായമുള്ളവര്‍ക്ക് വാഗ അതിര്‍ത്തിയിലൂടെ കാല്‍നടയായി പാകിസ്ഥാനിലേക്കും തിരിച്ചും പ്രവേശനം അനുവദിയ്ക്കാനും ആലോചനയുണ്ട്. ഹോക്കി, പോളോ, ഖോ-ഖോ എന്നീ കായികമേഖലകളിലും ഇരുരാജ്യങ്ങളും തമ്മില്‍ മത്സരം പുനരാരംഭിയ്ക്കണമെന്നും ഇന്ത്യ നിര്‍ദേശിയ്ക്കുന്നുണ്ട്.
ഇന്ത്യയുടെ ഈ നിര്‍ദേശങ്ങളോട് പാകിസ്ഥാന്‍ അനുകൂലമായാണ് പ്രതികരിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications