ഓര്‍ത്തഡോക്സ് ബിഷപ്പുമാര്‍ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: രണ്ട് ആര്‍ഡിഒമാര്‍, രണ്ട് ഡിവൈഎസ്പിമാര്‍, ഒരു സിഐ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മലങ്കര ഓര്‍ത്തഡോക്സ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു. തിരുവല്ല തിരഞ്ഞെടുപ്പിന്റെ പിന്തുണ വേണമെങ്കില്‍ തങ്ങളുടെ ചില ഡിമാന്റുകള്‍ മുഖ്യമന്ത്രി അംഗീകരിയ്ക്കണമെന്നാണ് മലങ്കര ഓര്‍ത്തഡോക്സ് വിഭാഗക്കാരുടെ ആവശ്യം.
ഡോ. യുഹനോന്‍ മാര്‍ മിലിത്തോസ്, ഡോ. തോമസ് മാര്‍ അത്തനേഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ നാലംഗ ബിഷപ്പുമാരുടെ സംഘമാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റോളം നീണ്ടു.
രണ്ട് ആര്‍ഡിഒമാര്‍, രണ്ട് ഡിവൈഎസ്പിമാര്‍, ഒരു സിഐ എന്നിവര്‍ സഭാതര്‍ക്കമുണ്ടായിരുന്നപ്പോള്‍ പാത്രിയാര്‍ക്കീസ് വിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നവരാണ്. ഇപ്പോള്‍ ഇവര്‍ക്കെതിരെ ശിക്ഷാനടപടിയെടുക്കണമെന്നാണ് മലങ്കര ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം.
തിരുവല്ല തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരായ നിലപാടെടുക്കുമെന്ന് മലങ്കര ഓര്‍ത്തഡോക്സ് വിഭാഗം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അവരെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീക്കം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി കെ.എം. മാണിയും മുഖ്യമന്ത്രിയും ഓര്‍ത്തഡോക്സ് വിഭാഗം നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനനുകൂലമായ നിലപാട് എടുക്കണമെങ്കില്‍ തങ്ങളുടെ ചില ഡിമാന്റുകള്‍ നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം പരസ്യമായി ആവശ്യപ്പെടുന്നത്.
പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബിഷപ്പുമാര്‍ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചു. ഓര്‍ത്തഡോക്സ് വിഭാഗക്കാരനായിരുന്നിട്ടുകൂടി സഭാതര്‍ക്കസമയത്ത് ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്സ് വിഭാഗത്തെ അവഗണിച്ചതായും ബിഷപ്പുമാര്‍ ആരോപിച്ചു.
ഇപ്പോള്‍ വിദേശത്തുള്ള കതോലിക്കാബാവ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍ മടങ്ങിയെത്തിയ ശേഷമേ തിരുവല്ല തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യം തീരുമാനിയ്ക്കൂ എന്നും ബിഷപ്പുമാര്‍ അറിയിച്ചു.












Click it and Unblock the Notifications