കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളില്ല
ബാംഗ്ലൂര്‍: ഇന്ത്യയുടെ സിലിക്കണ്‍ വാലിയായി അറിയപ്പെടുന്ന ബാംഗ്ലൂരില്‍ ഇന്‍സ്റിറ്റ്യൂട്ടുകളില്‍ കമ്പ്യൂട്ടര്‍ പാഠ്യവിഷയമായി തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഐടിരംഗത്തുണ്ടായ മാന്ദ്യവും തൊഴില്‍ സാധ്യതകള്‍ കുറഞ്ഞതുമാണ് മറ്റ് വിഷയങ്ങളിലേക്ക് തിരിയാന്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും പ്രേരിപ്പിയ്ക്കുന്നത്. അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍ക്കും മറ്റ് മുഖ്യഎഞ്ചിനീയറിംഗ് കോഴ്സുകള്‍ക്കുമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മുന്‍തൂക്കം നല്കുന്നത്.
കര്‍ണ്ണാടകത്തില്‍ പൊതുപ്രവേശനപരീക്ഷയില്‍ ആകെയുള്ള ഐടിയുമായി ബന്ധപ്പെട്ട 8,000 സീറ്റുകളില്‍ 2,000 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള 12 കോളെജുകള്‍ ഈ വര്‍ഷം ബിസിഎ, ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ വേണ്ടെന്ന് വച്ചു. വിദ്യാര്‍ത്ഥികളെ ആവശ്യത്തിന് കിട്ടാനില്ലാത്തതിനാലാണിത്.
2001 മുതല്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ കോഴ്സുകള്‍ക്ക് ഡിമാന്റ് കുറഞ്ഞിരുന്നു. ചില കോളെജുകള്‍ ഐടി വിഷയത്തിന് വിദ്യാര്‍ത്ഥികളുടെ എണ്ണം തീരെ കുറഞ്ഞതിനാല്‍ കോഴ്സുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. - ബാംഗ്ലൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.എസ്. തിമ്മപ്പ പറഞ്ഞു.
പകരം ബയോടെക്നോളജി, അടിസ്ഥാന ശാസ്ത്രവിഷയങ്ങള്‍, കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ മുഖ്യ എഞ്ചിനീയറിംഗ് കോഴ്സുകള്‍ എന്നിവയ്ക്ക് തിരക്കുണ്ട്.
അതേ സമയം ഐടി കോഴ്സുകള്‍ക്ക് ഡിമാന്റ് കുറഞ്ഞത് മോശപ്പെട്ട പ്രവണതയായി കാണേണ്ടതില്ലെന്ന് ഐടി വിദ്യാഭ്യാസ നിലവാര ബോര്‍ഡ് ഡയറക്ടര്‍ കെ.ആര്‍.എസ്. മൂര്‍ത്തി പറയുന്നു. ഡിമാന്റിലും സപ്ലൈയിലും ഉള്ള ഒരു തിരുത്തല്‍ മാത്രമാണിതെന്നും മൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications