മൂന്ന് മന്ത്രിമാര്‍ക്ക് ഷോകോസ് നോട്ടീസ്
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ അച്ചടക്കംലംഘിച്ചുവെന്നതിന്റെ പേരില്‍ രണ്ട് ഐ ഗ്രൂപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ക്കും ഒരു എംഎല്‍എയ്ക്കും കാരണം കാണിയ്ക്കല്‍ നോട്ടീസ് അയയ്ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചതായി അറിയുന്നു.
നേരത്തെ മന്ത്രിമാരായ കടവൂര്‍ ശിവദാസന്‍, പി. ശങ്കരന്‍, കെ.വി. തോമസ്, കെ. സുധാകരന്‍ എന്നിവര്‍ക്കാണ് കാരണം കാണിയ്ക്കല്‍ നോട്ടീസ് അയയ്ക്കുമെന്നാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഹൈക്കമാന്റിന്റെ പട്ടിക പുറത്തുവന്നപ്പോള്‍ കെ.വി. തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. പകരം പി.ടി. തോമസ് എംഎല്‍എയെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ട് ഇവര്‍ നിരന്തരം പ്രസ്താവന ഇറക്കുന്നതിനെക്കുറിച്ചാണ് വിശദീകരണം ചോദിയ്ക്കുന്നത്. കടവൂരും ശങ്കരനും കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി ആന്റണിയ്ക്കെതിരെ ഐ ഗ്രൂപ്പ് ജില്ലാകണ്‍വെന്‍ഷനുകളില്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ. മുരളീധരനെതിരായ വിമര്‍ശനങ്ങള്‍ക്കാണ് കെ. സുധാകരനെതിരെ നോട്ടീസ് അയയ്ക്കുന്നത്.
അച്ചടക്കസമിതി അംഗങ്ങളായ ആര്‍.കെ. ധവാനും എല്‍.പി. സാഹിയും സോണിയയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചതെന്നറിയുന്നു.












Click it and Unblock the Notifications