ദലേര്‍ മെഹ്ന്തി കീഴടങ്ങി
ദില്ലി: പഞ്ചാബി ഗായകന്‍ ദലേര്‍ മെഹ്ന്തി പട്യാല പൊലീസിന് മുമ്പാകെ ഒക്ടോബര്‍ 27 തിങ്കളാഴ്ച കീഴടങ്ങി. സംഗീതപരിപാടികളുടെ മറവില്‍ അനധികൃതമായി ആളുകളെ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ദലേര്‍ മെഹന്തിയെ പൊലീസ് അറസ്റ് ചെയ്യാന്‍ ശ്രമിച്ചുവരികയായിരുന്നു.
സാദര്‍ പൊലീസ് സ്റേഷനില്‍ തിങ്കളാഴ്ച രാവിലെ 10.45ന് കീഴടങ്ങാനെത്തിയ അദ്ദേഹത്തിനെതിരെ ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി. അദ്ദേഹത്തിന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ വഴിയില്‍ ജനങ്ങള്‍ തടയാനും ശ്രമിച്ചു.
വളരെ നേരത്തെ ശ്രമത്തിന് ശേഷമാണ് അദ്ദേഹത്തിന് പൊലീസ് സ്റേഷനിലേക്ക് പ്രവേശിക്കാനായത്. ഒക്ടോബര്‍ ആറിനാണ് ദലേര്‍ മെഹന്തി, സഹോദരന്‍ ഷംഷേര്‍, മറ്റ് മൂന്ന് സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പട്യാല ജില്ലയിലെ ബെല്‍വാര ഗ്രാമത്തിലുള്ള ബക്ഷിഷ് സിംഗ് നല്കിയ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. വിദേശത്തേക്ക് കൊണ്ടുപോകാമെന്ന വാഗ്ദാനത്തില്‍ തന്റെ കയ്യില്‍ നിന്നും 15 ലക്ഷം രൂപ ദലേര്‍ മെഹന്തി ആവശ്യപ്പെട്ടിരുന്നെന്നും ഇതില്‍ 13 ലക്ഷം നല്കിയെന്നും ബക്ഷിഷ് സിംഗ് ആരോപിച്ചിരുന്നു.
ദലേര്‍ മെഹന്തിയ്ക്ക് ഇടക്കാല ജാമ്യം നല്കാന്‍ കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി വിധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം കീഴടങ്ങിയതെന്ന് കരുതുന്നു.












Click it and Unblock the Notifications