യുഡിഎഫ് യോഗം ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചു
തിരുവല്ല: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവല്ലയില്‍ തുടങ്ങിയ യുഡിഎഫ് കണ്‍വെന്‍ഷനില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ പങ്കെടുത്തില്ല.
ഒക്ടോബര്‍ 28 ചൊവാഴ്ച രാവിലെ തുടങ്ങിയ കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു.
താന്‍ രാഷ്ട്രീയം പറയുന്നില്ലെന്ന് പറഞ്ഞാണ് ആന്റണി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. മുഖ്യമന്ത്രി രാഷ്ട്രീയം പറയുന്നില്ലെങ്കില്‍ താനും രാഷ്ട്രീയം പറയുന്നില്ലെന്ന് തുടര്‍ന്ന് പ്രസംഗിച്ച മുരളീധരന്‍ പറഞ്ഞു. കൂടുതല്‍ വിദേശമലയാളികളുടെ കുടുംബങ്ങള്‍ ഉള്ള മണ്ഡലമാണ് തിരുവല്ലയെന്ന കാര്യം മറക്കരുതെന്നും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.
മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, കെ. ആര്‍. ഗൗരിയമ്മ, ടി. എം. ജോക്കബ്, എ ഐ സി സി സെക്രട്ടറി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications