തലശേരി കോടതിയ്ക്ക് 200 വയസ്സ്
കണ്ണൂര്‍: ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച തലശേരി കോടതിയ്ക്ക് 200 വയസ്സ് തികയുന്നു.
തലശേരി കോടതി 200 വര്‍ഷം പൂര്‍ത്തിയാക്കിയത് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി. അസഫലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ ഒന്ന് ശനിയാഴ്ച തുടങ്ങുന്ന ആഘോഷം ഗവര്‍ണര്‍ സികന്ദര്‍ഭക്ത് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ടാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരായ എ. രാമചന്ദ്രന്‍, എ. കെ. ബഷീര്‍ എന്നിവരും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
1792ല്‍ ബ്രിട്ടീഷുകാരുടെ വരവോടെയാണ് തലശേരി വടക്കേ മലബാറിന്റെ നിയമആസ്ഥാനമായി മാറിയതെന്ന് അസഫലി പറഞ്ഞു.
മലബാര്‍ മേഖല രണ്ട് വിഭാഗങ്ങളായി വിഭജിച്ചതോടെ തലശേരി ചിറക്കല്‍, കുമ്പനാട് താലൂക്കുകളും കര്‍ണാടകത്തിലെ കൂര്‍ഗ്, മഹാരാഷ്ട്രയിലെ കൊങ്കണ്‍ പ്രദേശങ്ങളും ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയുടെ ആസ്ഥാനമായി. 1802ല്‍ മൂന്നംഗബെഞ്ചുള്ള കോടതി തലശേരിയില്‍ സ്ഥാപിച്ചു. 1816ല്‍ ജില്ലാ മുനിസിഫ് കോടതിയും സ്ഥാപിക്കപ്പെട്ടു.
പ്രമുഖരായ അനേകം പേര്‍ തലശേരി ബാറില്‍ നിന്നും ഉയര്‍ന്നുവന്നവരാണ്. മുന്‍ സുപ്രിം കോടതി ജഡ്ജി വി. ആര്‍. കൃഷ്ണയ്യര്‍, മുന്‍ ജമ്മു കശ്മീര്‍ ചീഫ് ജസ്റിസ് വി. ഖാലിദ്, മുന്‍ ആന്ധ്രാപ്രദേശ് ചീഫ് ജസ്റിസ് കെ. ഭാസ്കരന്‍, കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റിസ് വി. ഗോപാലന്‍ നമ്പ്യാര്‍ എന്നിവര്‍ തലശേരി ബാറിലെ അംഗങ്ങളായിരുന്നു.












Click it and Unblock the Notifications